ഹെന്റെഴ്സൺ പോയി, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ലിവർപൂൾ!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന്റെ ക്യാപ്റ്റനായ ജോർദാൻ ഹെന്റെഴ്സൺ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.മൂന്നുവർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. 12 മില്യൻ പൗണ്ട് ആണ് ട്രാൻസ്ഫർ ഫീയായിക്കൊണ്ട് ലിവർപൂളിന് ലഭിച്ചിട്ടുള്ളത്.സ്റ്റീവൻ ജെറാർഡിന്റെ ഇടപെടൽ മൂലമാണ് അദ്ദേഹം ഇത്തിഫാക്കിൽ എത്തിയിട്ടുള്ളത്.
ഏതായാലും ക്യാപ്റ്റന് നഷ്ടമായതോടുകൂടി ലിവർപൂളിന് പുതിയ ഒരു ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നിരുന്നു.ഇപ്പോഴത്തെ അക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ലിവർപൂൾ നടത്തിയിട്ടുണ്ട്.ഡച്ച് ഡിഫൻഡറായ വിർജിൽ വാൻ ഡൈക്കാണ് ഇനി ലിവർപൂളിനെ നയിക്കുക.ഡച്ച് ടീമിനെ നയിച്ച് പരിചയമുള്ള താരമാണ് വാൻ ഡൈക്ക്.ക്യാപ്റ്റൻ സ്ഥാനം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.വാൻ ഡൈക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Virgil van Dijk is the new captain of Liverpool ©️ pic.twitter.com/X6DvbK5bux
— B/R Football (@brfootball) July 31, 2023
” എന്നെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ ദിവസമാണ്.എങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല.പക്ഷേ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. തീർച്ചയായും നെതർലാന്റ്സിന്റെ ക്യാപ്റ്റൻ ഞാനാണ്. അത് തന്നെ വലിയ ഒരു ആദരമാണ്. ഞാൻ എന്റെ പരമാവധി ഈ ക്ലബ്ബിന് നൽകും. ഈ ക്ലബ്ബിലുള്ള എല്ലാവരെയും ഹാപ്പിയാക്കാനും അഭിമാനം കൊള്ളിക്കാനും ഞാൻ ശ്രമിക്കും ” ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.
ലിവർപൂൾ ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ജെയിംസ് മിൽനറും ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഇപ്പോൾ വൈസ് ക്യാപ്റ്റൻ സ്ഥാനം അലക്സാണ്ടർ അർനോൾഡിന് ലഭിച്ചിട്ടുണ്ട്. അടുത്ത സൗഹൃദ മത്സരത്തിൽ ലിവർപൂളിന്റെ എതിരാളികൾ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വമ്പൻമാരായ ചെൽസിയെയാണ് ലിവർപൂൾ നേരിടുക.