ആരും കാത്തിരിക്കേണ്ട,എംബപ്പേക്ക് വേണ്ടത് റയലിനെ മാത്രം!

സൂപ്പർ താരം കിലിയൻ എംബപ്പേയെ പിഎസ്ജി വിൽപ്പനക്ക് വെച്ചതിന് പിന്നാലെ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിരുന്നു. അതിൽ പ്രധാനപ്പെട്ടത് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ തന്നെയായിരുന്നു.എംബപ്പേക്ക് വേണ്ടി ആകർഷണീയമായ ഒരു ഓഫറായിരുന്നു അൽ ഹിലാൽ നൽകിയിരുന്നത്. 300 മില്യൺ യൂറോയാണ് പിഎസ്ജിക്ക് ട്രാൻസ്ഫർ ഫീയായിക്കൊണ്ട് അവർ വാഗ്ദാനം ചെയ്തത്. വാർഷിക സാലറിയായി കൊണ്ട് എംബപ്പേക്ക് അവർ വാഗ്ദാനം ചെയ്തത് 700 മില്യൻ യൂറോയാണ്.

അൽ ഹിലാലിന്റെ ഈ ഓഫർ സ്വീകരിക്കാൻ എംബപ്പേയുടെ കുടുംബത്തിന് താല്പര്യമുണ്ട്.ഈ വമ്പൻ സാലറി തന്നെയാണ് അതിന് കാരണം. എന്നാൽ എംബപ്പേയുടെ തീരുമാനം അന്തിമമാണ്.അദ്ദേഹം അൽ ഹിലാലിലേക്ക് പോവാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് അദ്ദേഹത്തിന് വേണ്ട ഏക ക്ലബ്ബ് റയൽ മാഡ്രിഡ് മാത്രമാണ്.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റയൽ മാഡ്രിഡ് എന്ന ക്ലബ്ബ് എംബപ്പേയുടെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ്.അങ്ങോട്ട് പോകാൻ തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പക്ഷേ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയലിലേക്ക് പോവാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അതിനെ ഈ സ്പാനിഷ് ക്ലബ്ബിന് സമ്മതവുമാണ്.

അതുകൊണ്ടുതന്നെയാണ് റയൽ മാഡ്രിഡ് ഇപ്പോൾ എംബപ്പേക്ക് വേണ്ടി നീക്കങ്ങൾ ഒന്നും നടത്താത്തത്.എംബപ്പേ ഈ സമ്മറിൽ ക്ലബ്ബ് വിടാൻ തീരുമാനമെടുത്തു കഴിഞ്ഞാൽ മാത്രമാണ് റയൽ മാഡ്രിഡ് മുന്നോട്ടു വരിക.അതുവരെ അവർ രംഗപ്രവേശനം ചെയ്യില്ല.എംബപ്പേ ക്ലബ്ബിലേക്ക് വരുമെന്ന് തന്നെയാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. പക്ഷേ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ അനുഭവവും അവർ മറക്കുന്നില്ല. അതുകൊണ്ടുതന്നെ റയൽ ധൃതിപ്പെട്ട് നീക്കങ്ങൾ നടത്തുകയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *