പോർച്ചുഗീസ് സൂപ്പർതാരത്തിന് പ്രീമിയർ ലീഗിൽ മടങ്ങിയെത്താൻ ആഗ്രഹം, സ്വന്തമാക്കാൻ യുണൈറ്റഡ്!

പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സ് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ്. പക്ഷേ അവരുടെ പരിശീലകനായ ഡിയഗോ സിമയോണിയുമായി അത്ര നല്ല ബന്ധത്തിലല്ല നിലവിൽ ഈ താരമുള്ളത്.അതുകൊണ്ടുതന്നെ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഫെലിക്സ് ക്ലബ്ബ് വിട്ടിരുന്നു. ലോൺ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്ക് വേണ്ടിയായിരുന്നു പിന്നീട് ഫെലിക്സ് കളിച്ചിരുന്നത്.

ലോൺ കാലാവധി പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തിരിച്ചെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ നിലനിർത്താൻ സിമയോണി താല്പര്യപ്പെടുന്നില്ല. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ പോവാനാണ് ഫെലിക്സ് ഇപ്പോൾ ആഗ്രഹിക്കുന്നത്.പ്രധാനമായും മൂന്ന് ക്ലബ്ബുകളാണ് ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ന്യൂകാസിൽ യുണൈറ്റഡ്,ആസ്റ്റൻ വില്ല എന്നെ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കാണ് ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യമുള്ളത്.

പക്ഷേ അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ ഫെലിക്സ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആസ്റ്റൻ വില്ലയെ ഇദ്ദേഹം പരിഗണിക്കുന്നില്ല. താരത്തെ സ്വന്തമാക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഫെലിക്സിന്റെ ക്യാമ്പുമായി യുണൈറ്റഡ് അധികൃതർ ബന്ധപ്പെട്ടു കഴിഞ്ഞു. എന്നാൽ ഫോർമൽ ആയിട്ടുള്ള ഓഫറുകൾ ഒന്നും തന്നെ ഇതുവരെ ക്ലബ്ബ് നൽകിയിട്ടില്ല.ABC എന്ന മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

റെക്കോർഡ് തുകക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ഈ താരത്തെ സ്വന്തമാക്കിയിരുന്നത്. പക്ഷേ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ ഫെലിക്സിന് സാധിച്ചിരുന്നില്ല. ചെൽസിക്ക് ഈ താരത്തെ നിലനിർത്താനുള്ള ഓപ്ഷൻ ഉണ്ടായിരുന്നുവെങ്കിലും അവരത് ഉപയോഗപ്പെടുത്തിയിരുന്നില്ല. എന്തെന്നാൽ 100 മില്യൺ യൂറോയായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ആവശ്യപ്പെട്ടിരുന്നത്.ഈ പ്രീമിയർ ലീഗ് ക്ലബ്ബുകൾ കൂടാതെ പിഎസ്ജിക്കും ഈ താരത്തിൽ താല്പര്യമുണ്ട്.പക്ഷെ പ്രീമിയർ ലീഗിലേക്ക് പോകുന്നതിനാണ് ഫെലിക്സ് മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *