Crazy Idiot,അവൻ നിങ്ങളെ അസ്വസ്ഥപ്പെടുത്തും :എമിയെ കുറിച്ച് എൻസോ ഫെർണാണ്ടസ്!
കഴിഞ്ഞ കോപ്പ അമേരിക്ക കിരീടവും ഖത്തർ വേൾഡ് കപ്പ് കിരീടവും അർജന്റീനക്ക് നേടി കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. പ്രത്യേകിച്ച് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അദ്ദേഹം കൂടുതൽ മികവ് പുലർത്തിയിരുന്നു. എതിരാളികളെ പ്രകോപിപ്പിച്ചു കൊണ്ട് ശ്രദ്ധ തെറ്റിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫിഫ നിയമം മാറ്റുകയും ഇത്തരത്തിലുള്ള പ്രകോപനങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു.
ഏതായാലും ഇതേക്കുറിച്ച് അർജന്റീനയുടെ യുവ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.Crazy Idiot എന്നാണ് അദ്ദേഹം എമി മാർട്ടിനസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.എമിയാണ് നിങ്ങളുടെ എതിർ ഗോൾകീപ്പറെങ്കിൽ നിങ്ങൾ അവനെ കൊല്ലാൻ ആഗ്രഹിക്കുമെന്നും, അത്രയേറെ അവൻ അസ്വസ്ഥപ്പെടുത്തുമെന്നും എൻസോ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Enzo Fernández on winning mentality, lifting team mates, Lionel Scaloni, Emiliano Martínez. https://t.co/sOPwlBWlxx pic.twitter.com/3zc0SD9roK
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) July 11, 2023
” പെനാൽറ്റി നിയമങ്ങൾ മാറ്റിയതിനെ കുറിച്ച് ഞാൻ കണ്ടിരുന്നു.ഞാൻ അത് ആധികാരികമായി വായിച്ചിട്ടൊന്നുമില്ല. അത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല.എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഫുട്ബോളിന്റെ ഭാഗം മാത്രമാണ്. ഒരു കാര്യം സത്യമാണ്. എമിലിയാനോ മാർട്ടിനെസ്സാണ് നിങ്ങളുടെ എതിർ ഗോൾകീപ്പർ എങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ കൊല്ലാൻ തോന്നും. കാരണം അത്രയേറെ അദ്ദേഹം നിങ്ങളെ അസ്വസ്ഥപ്പെടുത്തും. ഒരു Crazy Idiot ആണ് അദ്ദേഹം. പക്ഷേ അദ്ദേഹത്തിനെതിരെ പെനാൽറ്റി എടുക്കുക എന്നുള്ളത് നമുക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം നാച്ചുറൽ ആണ്. ഒരുപക്ഷേ യൂറോപ്പിൽ ഉള്ളവർക്കോ അല്ലെങ്കിൽ ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ ഉള്ളവർക്കോ അത് ഇഷ്ടപ്പെടണമെന്നില്ല ” ഇതാണ് എൻസോ എമിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഫിഫയും ഇഫാബും ചേർന്നു കൊണ്ടാണ് പെനാൽറ്റി നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇനിമുതൽ ഗോൾ കീപ്പർമാർ പെനാൽറ്റി എടുക്കുന്ന താരങ്ങളെ പ്രകോപിപ്പിക്കാൻ പാടില്ല. അവരുടെ ശ്രദ്ധ തെറ്റിക്കാനോ തടസ്സങ്ങൾ സൃഷ്ടിക്കാനോ പാടില്ല. മാത്രമല്ല പെനാൽറ്റിക്ക് മുന്നേ ഗോൾപോസ്റ്റിലോ ബാറിലോ സ്പർശിക്കാനും ഗോൾ കീപ്പർമാർക്ക് അനുമതിയില്ല.