സിറ്റിയുമായി ചർച്ചകൾ നടക്കുന്നുണ്ട് :ഗ്വാർഡിയോളിന്റെ കാര്യത്തിൽ സ്ഥിരീകരണവുമായി ലീപ്സിഗ്‌.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന സൂപ്പർ താരങ്ങളിൽ ഒരാളാണ് ജോസ്ക്കോ ഗ്വാർഡിയോൾ. നിലവിൽ ജർമൻ ക്ലബ്ബായ ആർബി ലീപ്സിഗിന് വേണ്ടിയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. കേവലം 21 വയസ്സ് മാത്രം പ്രായമുള്ള ഈ ക്രൊയേഷ്യൻ ഡിഫൻഡർ ഇതിനോടകം തന്നെ മാഞ്ചസ്റ്റർ സിറ്റിയുമായി പേഴ്സണൽ ടെംസ്‌ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിയുമായി താരത്തിന്റെ കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട് എന്നുള്ളത് ആർബി ലീപ്സിഗ്‌ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ സ്പോട്ടിംഗ് ഡയറക്ടർ ആയ മാക്സ് എബേലാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.ഗ്വാർഡിയോളിന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാൻ താല്പര്യമുണ്ട് എന്ന കാര്യം അദ്ദേഹം ഞങ്ങളെ അറിയിച്ചു എന്നാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാൻ ആഗ്രഹമുണ്ട് എന്ന കാര്യം ഗ്വാർഡിയോളും അദ്ദേഹത്തിന്റെ ഏജന്റുമാരും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഞാൻ കൺഫേം ചെയ്യുന്നു. ഞങ്ങൾ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. നിലവിൽ ഇത്രയും വിവരങ്ങൾ മാത്രമാണ് നൽകാനാവുക ” ഇതാണ് ലീപ്സിഗ്‌ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

100 മില്യൺ യൂറോ എന്ന ഭീമമായ തുകയാണ് ലീപ്സിഗ്‌ ഇപ്പോൾ ആവശ്യപ്പെടുന്നത്.ഇത് സംഭവിക്കുകയാണെങ്കിൽ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധനിരതാരമായി കൊണ്ട് മാറാൻ ഗ്വാർഡിയോളിന് സാധിക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധനിരയിലെ സാന്നിധ്യങ്ങളായ ലപോർട്ടേ,കെയ്ൽ വാക്കർ എന്നിവർ ക്ലബ്ബിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *