സാമ്പത്തിക പ്രതിസന്ധി രൂക്ഷം,സെവിയ്യയിൽ വിറ്റഴിക്കൽ,അർജന്റൈൻ താരമുൾപ്പെടെയുള്ളവർ പുറത്തേക്ക്!
സ്പാനിഷ് വമ്പൻമാരായ സെവിയ്യ കഴിഞ്ഞ ലാലിഗ സീസണിൽ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. കേവലം പന്ത്രണ്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തിരുന്നത്. എന്നാൽ യൂറോപ ലീഗിൽ പതിവുപോലെ സെവിയ്യ തകർപ്പൻ പ്രകടനം നടത്തി. ഒരിക്കൽ കൂടി യൂറോപ ലീഗ് നേടിക്കൊണ്ടാണ് സെവിയ്യ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.
പക്ഷേ സാമ്പത്തിക പ്രതിസന്ധി അവരെ വല്ലാതെ അലട്ടുന്നുണ്ട്. കൂടുതൽ താരങ്ങളെ ഒഴിവാക്കിക്കൊണ്ട് ഫണ്ട് ഉയർത്തേണ്ടത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു സമയമാണിത്.അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ രൂപത്തിലേക്ക് മാറും. അതുകൊണ്ടുതന്നെ നിരവധി സൂപ്പർതാരങ്ങളെ വിറ്റ് ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.
Sevilla offer players to Manchester United. (@marca) https://t.co/iMEzzsB7fQ
— Get Spanish Football News (@GSpanishFN) July 1, 2023
അർജന്റൈൻ താരമായ ലുകാസ് ഒകമ്പസ്, ഗോൾകീപ്പർ യാസീൻ ബോനോ, സൂപ്പർ സ്ട്രൈക്കർ യൂസുഫ് എൻ നസീറി എന്നിവരെയൊക്കെ ഒഴിവാക്കാൻ ഇപ്പോൾ സെവിയ്യ തീരുമാനിച്ചിട്ടുണ്ട്.മാത്രമല്ല ഈ താരങ്ങളെയൊക്കെ മറ്റുള്ള ക്ലബ്ബുകൾക്ക് ഓഫർ ചെയ്തിട്ടുമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് പ്രധാനമായും ഓഫർ ചെയ്തിട്ടുള്ളത്. റേഡിയോ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം സ്പാനിഷ് സൂപ്പർതാരമായ സെർജിയോ റാമോസ് സെവിയ്യയിലേക്ക് തിരിച്ചെത്തുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ നിലവിൽ അതിന് സാധ്യതകൾ കുറവാണ്. എന്തെന്നാൽ ആവശ്യത്തിലധികം സെന്റർ ബാക്കുമാർ ഇപ്പോൾ സെവിയ്യക്കുണ്ട്. മാത്രമല്ല ഈയിടെ സെവിയ്യയുടെ സ്പോർട്ടിംഗ് ഡയറക്ടറായ മോഞ്ചി ക്ലബ്ബ് വിടുകയും ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.വിക്ടർ ഒർട്ടയാണ് ഇപ്പോൾ ആ സ്ഥാനത്ത് എത്തിയിരിക്കുന്നത്.