ലോകത്തെ മികച്ച താരങ്ങളെല്ലാം മുൻഗണന നൽകുന്നത് ബാഴ്സയുമായി സൈൻ ചെയ്യുന്നതിന്: ലാപോർട്ട.
കഴിഞ്ഞ ദിവസമായിരുന്നു സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ഇൽകെയ് ഗുണ്ടോഗനെ സ്വന്തമാക്കിയത്.ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് സിറ്റിക്ക് വേണ്ടി ഗുണ്ടോഗൻ പുറത്തെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സ വിഷൻ എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. പല കാര്യങ്ങളെക്കുറിച്ചും ലാപോർട്ട ഇതിൽ സംസാരിച്ചിട്ടുണ്ട്. ലോകത്തുള്ള ഏറ്റവും മികച്ച താരങ്ങളെല്ലാം മുൻഗണന നൽകുന്നത് എഫ്സി ബാഴ്സലോണയുമായി കരാറിൽ എത്തുന്നതിനാണ് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യങ്ങൾ നല്ല രൂപത്തിൽ നടക്കുന്നുവെന്നും ബാഴ്സ പ്രസിഡന്റ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
MY PRESIDENT 💙❤️ pic.twitter.com/zlX6Y5ju0z
— Pascal Hecker (@LaportaEra) June 21, 2023
” ട്രാൻസ്ഫർ മാർക്കറ്റ് നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ എഫ്സി ബാഴ്സലോണയിൽ സൈൻ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നാണ് ബാഴ്സ. സോഷ്യൽ മീഡിയയിൽ 440 മില്യൺ ഫോളോവേഴ്സ് ഞങ്ങൾക്കുണ്ട്. കിരീടങ്ങൾ നേടുക എന്നത് തന്നെയാണ് ഞങ്ങളുടെ ഒബ്ജക്റ്റീവ്. പല മേഖലകളിലും ബാഴ്സലോണ എന്നുള്ളത് ഒരു ബെഞ്ച് മാർക്കാണ്.ഞങ്ങളുടെ സാമ്പത്തിക സുസ്ഥിരത നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങൾ ഒരു ക്ലബ്ബിനും അപ്പുറമാണ് ” ഇതാണ് ബാഴ്സയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
സൂപ്പർ താരം ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി എഫ്സി ബാഴ്സലോണ ശ്രമിച്ചിരുന്നു.പക്ഷേ അത് ഫലം കാണാതെ പോവുകയായിരുന്നു. ലയണൽ മെസ്സി പിന്നീട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിലേക്ക് പോകാൻ തീരുമാനിച്ചു. മെസ്സിയെ ലഭിച്ചില്ലെങ്കിലും കൂടുതൽ മികച്ച സൈനിങ്ങുകൾ ഇനിയും ബാഴ്സയുടെ ഭാഗത്തുനിന്നുണ്ടായേക്കാം.