ഹാലന്റ് ഉണ്ടായിട്ടും ഇത്തരത്തിലുള്ള പ്രകടനം നടത്തുക എന്നത് എളുപ്പമല്ല :ഹൂലിയൻ ആൽവരസിനെ പ്രശംസിച്ച് റോഡ്രി.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അർജന്റൈൻ യുവ സൂപ്പർതാരമായ ഹൂലിയൻ ആൽവരസിന് സാധിച്ചിരുന്നു.ഏർലിംഗ് ഹാലന്റ് ഉണ്ടായതിനാൽ ആൽവരസിന് അവസരങ്ങൾ കുറവായിരുന്നുവെങ്കിലും കിട്ടിയ അവസരങ്ങളിൽ താരം തിളങ്ങിയിരുന്നു. മാത്രമല്ല ഖത്തർ വേൾഡ് കപ്പിലും ഉജ്ജ്വല പ്രകടനമാണ് അർജന്റീനക്ക് വേണ്ടി ആൽവരസ് നടത്തിയിട്ടുള്ളത്. ഈ ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ ലോകത്തെ പ്രശസ്തമായ ഒട്ടുമിക്ക കിരീടങ്ങളും അദ്ദേഹം നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് സഹതാരമായ റോഡ്രി രംഗത്ത് വന്നിട്ടുണ്ട്.ഹാലന്റ് ഉണ്ടായിട്ടും ഇത്തരത്തിലുള്ള ഒരു മികച്ച പ്രകടനം നടത്തി എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്നാണ് റോഡ്രി പറഞ്ഞിട്ടുള്ളത്. വരുന്ന വർഷങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ ആൽവരസിന് സാധിക്കുമെന്നും റോഡ്രി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഹൂലിയൻ ഒരു അതിശയപ്പെടുത്തുന്ന താരമാണ്. അദ്ദേഹം വന്നതിനുശേഷം ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം അദ്ദേഹം തന്നെയാണ്.ഹാലന്റ് ഉണ്ടായിട്ടും ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.അദ്ദേഹത്തിന്റെ ഈ സീസൺ വളരെ മതിപ്പുളവാക്കുന്നതാണ്. ഈ പ്രായത്തിൽ തന്നെ ഇത്രയധികം കിരീടങ്ങൾ നേടിയ താരങ്ങൾ വളരെ ചുരുക്കമാണ്. ക്ലബ്ബിന്റെ ഭാവിയാണ് ഹൂലിയൻ. ഇപ്പോൾ തന്നെ അദ്ദേഹം പ്രധാനപ്പെട്ട താരമായി. പക്ഷേ ഭാവിയിൽ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ ആൽവരസിന് സാധിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല ” ഇതാണ് റോഡ്രി പറഞ്ഞത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് റോഡ്രിയും നടത്തിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടിയ റോഡ്രി ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. സ്പാനിഷ് ദേശീയ ടീമിനോടൊപ്പം നേഷൻസ് ലീഗും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *