എന്തിനാണ് അവനെ ഇങ്ങനെ പ്രലോഭിപ്പിക്കുന്നത്? ബാഴ്സക്കെതിരെ ആഞ്ഞടിച്ച് ബയേൺ പ്രസിഡന്റ്!

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഒരു സൂപ്പർതാരത്തെ ബാഴ്സക്ക് ഇപ്പോൾ ആവശ്യമാണ്.ബയേണിന്റെ ജർമ്മൻ സൂപ്പർ താരമായ ജോഷുവാ കിമ്മിച്ചിനെയാണ് ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത്. ഇക്കാര്യം ബാഴ്സയുടെ പരിശീലകനായ സാവി പരസ്യമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ബയേൺ തയ്യാറായി കഴിഞ്ഞാൽ കിമ്മിച്ചിന് വേണ്ടി ചർച്ചകൾ നടത്തുമെന്നായിരുന്നു സാവി പറഞ്ഞിരുന്നത്.കിമ്മിച്ചിനെ പോലെയുള്ള മികച്ച താരത്തെ ബാഴ്സക്ക് ആവശ്യമാണെന്നും അല്ലെങ്കിൽ അടുത്ത വർഷം ബുദ്ധിമുട്ടുമെന്നും സാവി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ബയേണിന്റെ പ്രസിഡന്റ് ആയ ഹെർബെർട്ട് ഹെയ്നർ രംഗത്ത് വന്നിട്ടുണ്ട്. എന്തിനാണ് ഞങ്ങളുടെ താരത്തെ ഇങ്ങനെ പ്രലോഭിപ്പിക്കുന്നത് എന്നാണ് ബയേൺ പ്രസിഡന്റ് ചോദിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്തിനാണ് ബാഴ്സലോണ ഞങ്ങളുടെ താരത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതെന്നും അവനെ പ്രലോഭിപ്പിക്കുന്നതെന്നും എനിക്ക് മനസ്സിലാവുന്നില്ല.ജോഷുവാ കിമ്മിച്ച് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ഞങ്ങളുടെ ആണിക്കല്ലാണ്. തീർച്ചയായും ഞങ്ങളുടെ പ്ലാനുകളുടെ ഭാഗമാണ് അദ്ദേഹം “ഇതാണ് ബയേൺ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

താരത്തെ വിട്ടു നൽകാൻ ബയേൺ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ കിമ്മിച്ച് അടുത്ത സീസണിലും ബയേണിൽ തന്നെയുണ്ടാവും. ബാഴ്സ ഡിഫൻസിവ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ആരെയായിരിക്കും എത്തിക്കുക എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്.വോൾവ്സിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ റൂബൻ നെവസ് എത്തുമെന്നുള്ള റൂമറുകൾ സജീവമാണ്.ഏതായാലും ഒരു മികച്ച താരത്തെ എത്തിക്കാൻ തന്നെയായിരിക്കും ബാഴ്സ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *