വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്, സന്തോഷവും ഉത്കണ്ഠയും പങ്കുവെച്ച് ബ്രസീലിയൻ സൂപ്പർ താരം!
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 സൗഹൃദമത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക. ആദ്യമത്സരത്തിൽ ഗിനിയയെയും രണ്ടാം മത്സരത്തിൽ സെനഗലിനേയുമാണ് ബ്രസീൽ നേരിടുക. ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ ഇടം നേടാൻ സൂപ്പർതാരമായ മാൽക്കമിന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ രണ്ട് തവണ ബ്രസീലിന്റെ സ്ക്വാഡിലേക്ക് ഈ താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ പലവിധ കാരണങ്ങൾ കൊണ്ടും അദ്ദേഹത്തിന് അരങ്ങേറ്റം നടത്താൻ സാധിച്ചിരുന്നില്ല.
ഇപ്പോൾ വർഷങ്ങൾക്ക് ശേഷമാണ് മാൽക്കം ബ്രസീലിന്റെ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നത്. ഇത്തവണ അരങ്ങേറ്റം നടത്താനുള്ള അവസരം മാൽക്കത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന്റെ സന്തോഷവും ഉൽക്കണ്ഠയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാൽക്കം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Gol de bicicleta do Malcom 🚲🔥
— Penta 🇧🇷 (@Selecaoinfo) June 12, 2023
🎥 canalwamo pic.twitter.com/vMXsXkfKZW
” എനിക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നുള്ളതാണ് കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നം.പക്ഷേ എന്റേത് പലപ്പോഴും ദുഃഖകരമായിരുന്നു.രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കളിക്കാൻ സാധിച്ചില്ല. പക്ഷേ മികച്ച രീതിയിൽ തയ്യാറെടുത്തുകൊണ്ടാണ് ഞാനിപ്പോൾ തിരികെ വന്നിരിക്കുന്നത്. എനിക്ക് വളരെയധികം ഉത്കണ്ഠയുണ്ട്.തീർച്ചയായും ഇവിടെ എത്താൻ കഴിഞ്ഞത് തന്നെ ബഹുമതിയാണ്. കളിക്കളത്തിൽ ഞാനെന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും ” ഇതാണ് മാൽക്കം പറഞ്ഞിട്ടുള്ളത്.
നിലവിൽ റഷ്യൻ ക്ലബ്ബായ സെനിത്തിന് വേണ്ടിയാണ് മാൽക്കം കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് ഈ സൂപ്പർ താരം നടത്തിയിട്ടുള്ളത്. റഷ്യൻ ലീഗിൽ ആകെ കളിച്ച 27 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും ഏഴ് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ബ്രസീലിയൻ ദേശീയ ടീമിൽ ഇപ്പോൾ വീണ്ടും ഇടം ലഭിച്ചിരിക്കുന്നത്.