കാനഡക്കാരനായത് കൊണ്ട് ബാഴ്സ വേണ്ടെന്ന് പറഞ്ഞു: റയൽ ലക്ഷ്യമിടുന്ന ഡേവിസ് പറയുന്നു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് അൽഫോൻസോ ഡേവിസ്. നിലവിൽ ബയേൺ മ്യൂണിക്കിന് വേണ്ടിയാണ് ഈ ലെഫ്റ്റ് ബാക്ക് താരം കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് റയലിലേക്ക് വരാൻ താല്പര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.എന്നാൽ ബയേൺ താരത്തെ കൈവിടാനുള്ള സാധ്യതകൾ കുറവാണ്.

ഇതിനിടെ അൽഫോൻസോ ഡേവിസ് ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതായത് ഒരു കാനഡക്കാരൻ ആയതിനാൽ എഫ് സി ബാഴ്സലോണ തന്നെ വേണ്ടെന്നു പറഞ്ഞു എന്നാണ് ഡേവിസ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. ബാഴ്സയുടെ മുൻപ്രസിഡന്റായ ബർത്തോമുവിനെതിരെയാണ് ഡേവിസ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബാഴ്സലോണക്ക് എന്നിൽ താല്പര്യമുണ്ടായിരുന്നു.അവർ എന്നെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷേ ബാഴ്സ പ്രസിഡണ്ട് എന്നെ വേണ്ടെന്നു പറഞ്ഞു. ഞാൻ കാനഡക്കാരൻ ആയതിനാലാണ് എന്നെ നിരസിച്ചത്.ഞാൻ ഒരിക്കലും നിങ്ങളോട് നുണ പറയില്ല.തീർച്ചയായും എന്നെ അത് വളരെയധികം വേദനിപ്പിച്ചിരുന്നു. ഒരു കാനഡക്കാരൻ ആയതിനാലാണ് എനിക്ക് അന്ന് അവസരം നിഷേധിക്കപ്പെട്ടത് “ഇതാണ് അൽഫോൻസോ ഡേവിസ് പറഞ്ഞിട്ടുള്ളത്.

2019ൽ ഡേവിസ് MLS ലായിരുന്നു കളിച്ചിരുന്നത്. ബാഴ്സ ഇതിഹാസമായ ഹ്രിസ്റ്റോ സ്റ്റോയ്ച്ച് കോവാണ് ഡേവിസിനെ സൈൻ ചെയ്യാൻ ബാഴ്സയോട് ആവശ്യപ്പെട്ടത്. എന്നാൽ അന്ന് പ്രസിഡണ്ടായിരുന്ന ബർതോമു വേണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് 70 മില്യൺ യൂറോക്കാണ് താരം ബയേണിൽ എത്തിയത്. ഇനി താരം റയൽ മാഡ്രിഡിൽ എത്തുമോ എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *