ഫൈനലിൽ പെപിനെ തോൽപിക്കണോ,മൗറിഞ്ഞോയെ പോലെ ചെയ്താൽ മതി : ടെൻ ഹാഗിന് റൂണിയുടെ ഉപദേശം.

വരുന്ന FA കപ്പ് ഫൈനലിൽ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് മാഞ്ചസ്റ്റർ ഡെർബിയാണ്. ജൂൺ മൂന്നാം തീയതി നടക്കുന്ന കലാശ പോരാട്ടത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുന്നത്.ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ എല്ലാവരും പ്രതീക്ഷിക്കുന്നത് ഈ മത്സരത്തിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിക്കൊണ്ട് സിറ്റി കിരീടം നേടും എന്നാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗിന് യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണി ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.പെപ്പിനെ മറികടക്കാൻ മൊറിഞ്ഞോയെ പോലെ 4-4-2 ഫോർമേഷൻ ഉപയോഗിക്കണം എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്. ഫലത്തിൽ 8 പ്രതിരോധനിരതാരങ്ങൾ ഉള്ളതുപോലെ കളിപ്പിക്കണമെന്നും റൂണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മുമ്പ് ചെൽസിയിൽ ആയിരുന്ന സമയത്ത് ഇത്തരം മത്സരങ്ങളിൽ മൊറിഞ്ഞോ പ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം നൽകുമായിരുന്നു. എന്നിട്ട് ബോൾ ലഭിക്കുന്ന സമയത്ത് കൗണ്ടർ അറ്റാക്ക് ചെയ്യുകയാണ് ചെയ്യുക. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-4-2 ഫോർമേഷനിൽ കളിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു.മാർക്കസ് റാഷ്ഫോർഡും ആന്റണി മാർഷ്യലും മാത്രം മതി മുന്നേറ്റ നിരയിൽ.മധ്യനിരയിൽ കാസമിറോ,എറിക്ക്സൺ അല്ലെങ്കിൽ മക്ടോമിനി,ഫ്രഡ്‌,ബ്രൂണോ എന്നിവരെ കളിപ്പിക്കണം. എന്നിട്ട് ഈ എട്ട് താരങ്ങൾ ഡിഫൻസിന് കൂടുതൽ പ്രാധാന്യം നൽകണം.8 താരങ്ങളെ വെച്ചുകൊണ്ട് നല്ല രൂപത്തിൽ പ്രതിരോധിക്കാൻ സാധിക്കും എന്നുള്ളത് ഫുട്ബോളിൽ എല്ലാവർക്കും അറിയുന്ന കാര്യമാണ്. നല്ല അച്ചടക്കത്തോടെ കൂടി നിങ്ങൾ അത് ചെയ്താൽ നിങ്ങളെ തകർക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും.മാർഷ്യലും റാഷ്ഫോർഡും കിട്ടുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്ക് ചെയ്യണം. അത് ഉപകാരപ്പെടും ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ രണ്ടുതവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് യുണൈറ്റഡ് തകർന്നടിഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് എത്തിയ പരാജയപ്പെടുത്താൻ കഴിഞ്ഞത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *