എന്തുകൊണ്ടാണ് യുവന്റസിന്റെ 10 പോയിന്റുകൾ വെട്ടിക്കുറച്ചത്?

ഇന്നലെയായിരുന്നു ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ യുവന്റസിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനം കൈക്കൊണ്ടത്. ഇറ്റാലിയൻ ലീഗിലെ അവരുടെ പത്തു പോയിന്റുകൾ FIGC വെട്ടിക്കുറക്കുകയായിരുന്നു.അതായത് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന യുവന്റസ് ഇപ്പോൾ ഏഴാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 69 പോയിന്റ് ഉണ്ടായിരുന്നത് ഇപ്പോൾ 59 പോയിന്റ് ആയി മാറിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ പോയിന്റ് വെട്ടിക്കുറച്ച് കൊണ്ടുള്ള ശിക്ഷാനടപടി ഏൽക്കേണ്ടി വന്നത് എന്നതിന്റെ കാരണം പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സാമ്പത്തിക ക്രമക്കേടുകൾ, തെറ്റായ കണക്കു വിവരങ്ങൾ എന്നീ കാരണങ്ങളാലാണ് യുവന്റസിന് ഈ ശിക്ഷ നേരിടേണ്ടി വന്നത്. നേരത്തെ തങ്ങളുടെ സൂപ്പർതാരമായ പ്യാനിക്കിനെ കൈമാറിക്കൊണ്ട് ബാഴ്സയിൽ നിന്നും ആർതറിനെ സ്വന്തമാക്കിയിരുന്നു.ആ ഡീലിൽ എത്ര ലാഭം ലഭിച്ചു എന്നുള്ളത് യുവന്റസ് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. സമീപകാലത്ത് യുവന്റസ് നടത്തിയ 42 ട്രാൻസ്ഫറുകളിൽ കണക്കു വിവരങ്ങൾ അവർ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

മാത്രമല്ല കോവിഡ് കാരണം 90 മില്യൺ യൂറോയോളം സാലറി സേവ് ചെയ്യാനും ഈ ഇറ്റാലിയൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. പക്ഷേ ഈ വിഷയത്തിലും സാമ്പത്തിക ക്രമക്കേടുകൾ ക്ലബ്ബ് നടത്തിയിട്ടുണ്ട്. ഈ വിഷയങ്ങളിലെല്ലാം യുവന്റസ് കുറ്റക്കാരാണ് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അന്ന് 15 പോയിന്റുകളാണ് FIGC വെട്ടി കുറച്ചിരുന്നത്.ക്ലബ്ബിന്റെ ചെയർമാൻ, സ്പോട്ടിംഗ് ഡയറക്ടർ, ബോർഡ് അംഗങ്ങൾ എന്നിവർക്കൊക്കെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് യുവന്റസ് 15 പോയിന്റുകൾ വെട്ടിക്കുറച്ചതിനെതിരെ അപ്പീൽ നൽകുകയായിരുന്നു. ഇതോടുകൂടി ആ ശിക്ഷ സസ്പെൻഡ് ചെയ്യുകയും 15 പോയിന്റുകൾ യുവന്റസിന് തിരികെ ലഭിക്കുകയും ചെയ്തു. പക്ഷേ ഇറ്റാലിയൻ FIGC കോടതിയെ സമീപിക്കുകയും വിജയം നേടുകയും ചെയ്തു. പക്ഷേ 15 പോയിന്റുകൾ വെട്ടിക്കുറക്കുന്നതിന് പകരം 10 പോയിന്റുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. എന്നിരുന്നാലും അത് യുവന്റസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്. അടുത്ത യൂറോപ്പ്യൻ കോമ്പറ്റീഷനുകളിലേക്ക് യോഗ്യത നേടാൻ നിലവിലെ അവസ്ഥയിൽ യുവന്റസിന് സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *