അർജന്റൈൻ സൂപ്പർ താരത്തിന്റെ ചിറകിലേറി സെവിയ്യ ഫൈനലിൽ,എതിരാളികൾ റോമ!
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ സെവിയ്യക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെവിയ്യ ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി അഗ്രിഗേറ്റിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സെവിയ്യ യൂറോപ ലീഗിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
ആദ്യപാദ മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നലത്തെ മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരൊറ്റ ഗോൾ പോലും പിറന്നിരുന്നില്ല.എന്നാൽ 65ആം മിനുട്ടിൽ റാബിയോട്ടിന്റെ അസിസ്റ്റിൽ നിന്നും വ്ലഹോവിച്ച് ലീഡ് നേടുകയായിരുന്നു. പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.71ആം മിനിറ്റിൽ സൂസോ സെവിയ്യക്ക് സമനില ഗോൾ നേടിക്കൊടുത്തു.
SEVILLA REACH THEIR 5️⃣TH EUROPA LEAGUE FINAL IN 🔟 YEARS 👑😱 pic.twitter.com/5KNmKmsDoo
— 433 (@433) May 18, 2023
അർജന്റൈൻ സൂപ്പർ താരമായ എറിക്ക് ലമേലയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്. പിന്നീട് സെവിയ്യയുടെ രക്ഷകനായി അവതരിച്ചതും ലമേല തന്നെയാണ്.95ആം മിനുട്ടിൽ ഗില്ലിന്റെ അസിസ്റ്റിൽ നിന്നും ഹെഡറിലൂടെ ലമേല ഗോൾ നേടി. ഈ ഗോളിന്റെ ബലത്തിൽ സെവിയ്യ വിജയിക്കുകയും ഒരിക്കൽ കൂടി യൂറോപ ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
അതേസമയം ഹോസേ മൊറിഞ്ഞോയുടെ റോമയെയാണ് ഫൈനലിൽ ഈ സ്പാനിഷ് ക്ലബ്ബിന് നേരിടേണ്ടി വരിക.സാബി അലോൺസോയുടെ ലെവർകൂസനെ പരാജയപ്പെടുത്തി കൊണ്ടാണ് റോമ ഇപ്പോൾ ഫൈനലിന് വരുന്നത്. കഴിഞ്ഞ തവണ കോൺഫറൻസ് ലീഗ് കിരീടം നേടിയ റോമ ഇത്തവണ യൂറോപ ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നത്.അതും റോമക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞാൽ മൊറിഞ്ഞോയെ സംബന്ധിച്ചിടത്തോളം അതൊരു ചരിത്രനേട്ടം തന്നെയായിരിക്കും.