റയലിനെ തകർത്തെറിഞ്ഞു, സിറ്റി ഫൈനലിൽ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് നിലവിൽ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഇതോടുകൂടി രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ച സിറ്റി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കം തൊട്ടേ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിഞ്ഞത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ സിറ്റി എല്ലാ അർത്ഥത്തിലും റയലിനെ നിഷ്പ്രഭമാക്കുകയായിരുന്നു. മത്സരത്തിന്റെ 23 ആം മിനിറ്റിൽ ഡി ബ്രൂയിനയുടെ അസിസ്റ്റിൽ നിന്നാണ് ബെർണാഡോ സിൽവ ഗോൾ നേടിയത്. വൈകാതെ തന്നെ സിൽവ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
WE’RE MANCHESTER CITY, ON OUR WAY TO ISTANBUL!💙 pic.twitter.com/HW2JvbpzME
— Sergio Gómez (@sergiogm_10) May 17, 2023
37ആം മിനുട്ടിൽ ഹെഡറിലൂടെയായിരുന്നു സിൽവ ലീഡ് ഉയർത്തിയത്.ഈ രണ്ട് ഗോളുകളുടെ ലീഡിലാണ് സിറ്റി ആദ്യപകുതി അവസാനിപ്പിച്ചത്.76ആം മിനുട്ടിൽ അകാഞ്ചി ഹെഡ്ഡറിലൂടെ വലകുലുക്കി.ഡി ബ്രൂയിന തന്നെയായിരുന്നു അസിസ്റ്റ്. പകരക്കാരനായി വന്ന ഹൂലിയൻ ആൽവരസ് കൂടി ഗോൾ നേടിയതോടെ റയലിന്റെ പതനം പൂർണമാവുകയായിരുന്നു. തകർപ്പൻ പ്രകടനം സിറ്റി നടത്തിയിട്ടും ഹാലന്റ് ഗോൾ നേടിയില്ല എന്നത് ആരാധകർക്ക് ആശ്ചര്യമായിരുന്നു.
മത്സരത്തിൽ റയലിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.ഇനി ജൂൺ പതിനൊന്നാം തീയതിയാണ് മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലുള്ള കലാശ പോരാട്ടം അരങ്ങേറുക.