റയൽ ആരാധകർക്കെതിരെ കടലയെറിഞ്ഞു,അസഭ്യം പറഞ്ഞു,ഹാലന്റിന്റെ പിതാവ് ബോക്സ് വിട്ടത് പോലീസ് സുരക്ഷയിൽ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും സമനിലയിൽ കുരുങ്ങിയിരുന്നു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ കെവിൻ ഡി ബ്രൂയിന മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു.

ഈ മത്സരത്തിൽ സൂപ്പർ താരം ഏർലിങ് ഹാലന്റിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ സാധിച്ചിരുന്നില്ല. ഈ മത്സരം വീക്ഷിക്കാൻ വേണ്ടി ഹാലന്റിന്റെ പിതാവായ ആൽഫ് ഇങ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ആരാധകരുമായി ഇദ്ദേഹമൊന്ന് കൊമ്പു കോർത്തിട്ടുണ്ട്. റയൽ മാഡ്രിഡ് ആരാധകർക്ക് നേരെ ഇദ്ദേഹം കടലകൾ എറിയുകയും അസഭ്യവർഷം നടത്തുകയും ചെയ്തു എന്നാണ് ഒരു സ്പാനിഷ് മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് റയൽ മാഡ്രിഡ് ആരാധകർ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർത്തുകയായിരുന്നു.

സ്റ്റേഡിയത്തിലെ ബോക്സിനുള്ളിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.ഈ പ്രതിഷേധമുയർന്നതോടുകൂടി പോലീസ് സുരക്ഷയിൽ അദ്ദേഹത്തെ അവിടെനിന്നും മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിൽ അദ്ദേഹം ചില കാര്യങ്ങൾ കുറിച്ചിട്ടുണ്ട്.അതിങ്ങനെയാണ്.

“ഡി ബ്രൂയിനയുടെ ഗോൾ ഞങ്ങൾ ആഘോഷിച്ചത് റയൽ മാഡ്രിഡ് ആരാധകർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.അതുകൊണ്ടാണ് ഞങ്ങൾക്ക് അവിടെ നിന്നും മാറേണ്ട വന്നത്. കാരണം മത്സരം സമനിലയിൽ ആയത് അവർക്ക് അത്ര പിടിച്ചിരുന്നില്ല ” ഇതാണ് ഹാലന്റിന്റെ പിതാവ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ഹാലന്റ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഇനി ഈ മാസം പതിനെട്ടാം തീയതിയാണ് ഈ മത്സരത്തിന്റെ രണ്ടാം പാദ പോരാട്ടം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *