ക്രിസ്റ്റ്യാനോയെ കൊണ്ടു വന്ന പ്രസിഡണ്ടിനും സ്ഥാനം നഷ്ടമായി!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ ഇപ്പോൾ മോശം ഫോമിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.ചിരവൈരികളായ അൽ ഹിലാലിനോട് പരാജയപ്പെട്ടതോടുകൂടി കിരീടം നേടാനുള്ള സാധ്യത സങ്കീർണമായിരുന്നു. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ അൽ വെഹ്ദയോടും അൽ നസ്ർ പരാജയപ്പെട്ടു. ഇതോടുകൂടി അൽ നസ്ർ കിംഗ്സ് കപ്പിന്റെ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു.

നേരത്തെ ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായ റൂഡി ഗാർഷ്യയെ അൽ നസ്ർ പുറത്താക്കിയിരുന്നു.ഇപ്പോൾ താൽക്കാലിക പരിശീലകനായ ഡിങ്കോക്ക് കീഴിലാണ് അൽ നസ്ർ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.അൽ നസ്റിന്റെ പ്രകടനം മോശമായതു പോലെ തന്നെ റൊണാൾഡോയുടെ പ്രകടനവും ഇപ്പോൾ താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.

ഇതിന് പിന്നാലെ മറ്റൊരു വാർത്ത കൂടി ഇപ്പോൾ അൽ നസ്ർ ക്യാമ്പിൽ നിന്നും പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് അൽ നസ്ർ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് റൊണാൾഡോയെ സ്വന്തമാക്കാൻ കഴിഞ്ഞത്. അതിനുവേണ്ടി പ്രധാനമായും പ്രവർത്തിച്ചിരുന്നത് അവരുടെ പ്രസിഡന്റായ മുസല്ലി അൽ മുവാമ്മർ ആയിരുന്നു. എന്നാൽ അദ്ദേഹത്തിനും തന്റെ സ്ഥാനം നഷ്ടമായി എന്നാണ് ഇപ്പോൾ പ്രമുഖ മാധ്യമമായ സൗദി ഗസറ്റെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് അദ്ദേഹം രാജിവെക്കുന്നത്. തന്റെ രാജിക്കത്ത് സ്പോർട്സ് മന്ത്രാലയത്തിനും നിലവിലെ ഡയറക്ടർമാരുടെ ബോർഡിനെയും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. ഏതായാലും ഇനി പുതിയ പ്രസിഡണ്ടിനെയും പുതിയ ഡയറക്ടേഴ്സ് ബോർഡിനെയും അൽ നസ്ർ തിരഞ്ഞെടുത്തേക്കും. ഇനിയുള്ള മത്സരങ്ങളിൽ എങ്കിലും വിജയിക്കൽ അൽ നസ്റിന് അനിവാര്യമാണ്.അൽ റഈദാണ് അടുത്ത മത്സരത്തിൽ റൊണാൾഡോയുടെ ക്ലബ്ബിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *