തോൽവി,കിങ്സ് കപ്പിൽ നിന്നും പുറത്തായി റൊണാൾഡോയും അൽ നസ്റും.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അൽ നസ്റിനും ഇപ്പോൾ നല്ല കാലമല്ല. ഇന്നലെ നടന്ന സൗദി കിങ്സ് കപ്പ് സെമിഫൈനലിലും അൽ നസ്ർ പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ വെഹ്ദ അൽ നസ്റിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി കപ്പിൽ നിന്നും അൽ നസ്ർ പുറത്താവുകയും ചെയ്തു.

മത്സരത്തിന്റെ 23ആം മിനിട്ടിൽ ജീൻ ഡേവിഡ് നേടിയ തകർപ്പൻ ഗോളാണ് ഈ വിജയം അൽ വെഹ്ദക്ക് സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനുവേണ്ടി കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ സൂപ്പർ കപ്പിൽ നിന്നും അൽ നസ്ർ പുറത്തായിരുന്നു. മാത്രമല്ല തുടർച്ചയായി അൽ നസ്റും റൊണാൾഡോയും ഗോൾ നേടാനാവാതെ പോകുന്നത് മൂന്നാമത്തെ മത്സരത്തിലാണ്.

ഈ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഒരു ഗോളിന് അൽ നസ്ർ പുറകിൽ പോയിരുന്നു.അതേപോലെ റൊണാൾഡോ വളരെയധികം നിരാശനായിരുന്നു.ആ നിരാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യ പകുതിക്ക് ശേഷം കളം വിടുന്ന സമയത്ത് സ്വന്തം ബെഞ്ചിലുള്ളവരോട് തന്നെ കയർക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.ടീമിന്റെ മോശം പ്രകടനത്തിൽ റൊണാൾഡോ വളരെയധികം നിരാശനായിരുന്നു.

നേരത്തെ സൗദി ലീഗിൽ അൽ വെഹ്ദക്കെതിരെ കളിച്ച സമയത്ത് എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ നസ്ർ വിജയിച്ചിരുന്നു.അന്ന് നാലു ഗോളുകളും നേടിയിരുന്നത് റൊണാൾഡോ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ ടീമിന്റെ പ്രകടനം വളരെ മോശമാവുകയാണ് ചെയ്തിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദിയിലെത്തിയ റൊണാൾഡോക്ക് അവിടെയും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *