പ്രീമിയർ ലീഗ് ഗോൾ റെക്കോർഡ് :സലാക്കൊപ്പമെത്തി ഹാലന്റ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതി മാത്രം കളിച്ച ഹാലന്റ് രണ്ട് ഗോളുകൾ നേടിയിരുന്നു. ശേഷിച്ച ഗോൾ ജോൺ സ്റ്റോൺസായിരുന്നു നേടിയിരുന്നത്.
ഈ മത്സരത്തിലെ ഇരട്ട ഗോളോടു കൂടി ആകെ ഈ സീസണിൽ 47 ഗോളുകൾ ഹാലന്റ് പൂർത്തിയാക്കിയിട്ടുണ്ട്.40 മത്സരങ്ങളിൽ നിന്നാണ് 47 ഗോളുകൾ നേടിയിട്ടുള്ളത്. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 28 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും സൂപ്പർ താരം കരസ്ഥമാക്കിയിട്ടുണ്ട്.
38 മത്സരങ്ങൾ ഉള്ള ഫോർമാറ്റിലേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാറിയതിനുശേഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലിവർപൂൾ സൂപ്പർതാരമായ മുഹമ്മദ് സലായാണ്.അദ്ദേഹം 32 ഗോളുകൾ ആണ് നേടിയിട്ടുള്ളത്. ആ നേട്ടത്തിനൊപ്പം ഇപ്പോൾ ഹാലന്റ് എത്തിക്കഴിഞ്ഞു. പക്ഷേ ഇത് തകർക്കാൻ ഹാലന്റിന് കഴിയും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാരണം പ്രീമിയർ ലീഗിൽ ഇനിയും 8 മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.
ERLING HAALAND TIES MO SALAH’S RECORD FOR MOST PL GOALS IN A 38-GAME SEASON (32) 🔥 pic.twitter.com/dTyxNG4jTF
— B/R Football (@brfootball) April 15, 2023
അതേസമയം 42 മത്സരങ്ങൾ ഉള്ള പ്രീമിയർ ലീഗ് ഫോർമാറ്റിൽ 34 ഗോളുകൾ നേടാൻ ആന്റി കോളിനും അലന്‍ ഷിയറർക്കും സാധിച്ചിട്ടുണ്ട്. എന്നാൽ ഇതും മറികടക്കാൻ ഹാലന്റിന് സാധിച്ചേക്കും. പക്ഷേ 1927-28 സീസണിൽ എവേർട്ടണിന്റെ ഡിക്സി ഡീൻ ലീഗിൽ മാത്രമായി 60 ഗോളുകൾ നേടിയിട്ടുണ്ട്. അത് തകർക്കാൻ ഹാലന്റിന് സാധിക്കില്ല. പക്ഷേ എല്ലാ കോമ്പറ്റീഷനിലും ആയി ഇദ്ദേഹം അന്ന് 63 ഗോളുകളാണ് നേടിയിട്ടുള്ളത്.
നിലവിൽ 40 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളാണ് എല്ലാ കോമ്പറ്റീഷനിലുമായി ഹാലന്റിന് ഉള്ളത്. നിലവിൽ 1.18 ആണ് ഹാലന്റിന്റെ ഗോൾ ശരാശരി. ഈ ശരാശരിയിൽ അദ്ദേഹം സീസണിൽ 14 മത്സരങ്ങളിൽ കൂടി ഗോൾ നേടിയാൽ 64 ഗോളുകൾ പൂർത്തിയാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഈ അപൂർവ്വ റെക്കോർഡ് തകർക്കാൻ ഹാലന്റിന് സാധിക്കുമോ എന്നുള്ളതും ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്.