എംബപ്പേയെ ആംബുലൻസിൽ കയറ്റും,വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് അർജന്റീന താരം!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ലെൻസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടുന്നതിനാൽ ഒരു കടുത്ത പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ലെൻസിന്റെ അർജന്റൈൻ പ്രതിരോധനിരതാരമായ ഫകുണ്ടോ മെഡിന ഈയിടെ നടന്ന പ്രോഗ്രാമിൽ ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു.അതായത് ലയണൽ മെസ്സി തന്നെ മറികടന്ന് മുന്നോട്ടു പോയാൽ അദ്ദേഹത്തെ പിടിക്കുക മാത്രമാണ് ചെയ്യുകയെന്നും എന്നാൽ കിലിയൻ എംബപ്പേ തന്നെ മറികടന്നാൽ അദ്ദേഹത്തെ കൊണ്ടുപോവാൻ ആംബുലൻസ് വേണ്ടി വന്നേക്കും എന്നുമായിരുന്നു ഈ അർജന്റീന താരം പറഞ്ഞിരുന്നത്. ഇത് വലിയ രൂപത്തിൽ ചർച്ചയാവുകയും പിന്നീട് വിവാദമാവുകയും ചെയ്തു.
ഈ വിഷയത്തിൽ ഇപ്പോൾ ഫകുണ്ടോ മെഡിന മാപ്പ് പറഞ്ഞിട്ടുണ്ട്. താൻ തമാശക്ക് പറഞ്ഞതാണെന്നും തെറ്റിദ്ധരിക്കപ്പെട്ടതിൽ എല്ലാവരോടും മാപ്പ് പറയുന്നു എന്നുമാണ് മെഡിന പറഞ്ഞിട്ടുള്ളത്.അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
Medina désamorce la polémique après ses propos sur Mbappé.https://t.co/ri3KVMlRwq
— RMC Sport (@RMCsport) April 13, 2023
” ഒരു അർജന്റൈൻ പ്രോഗ്രാമിൽ ഞാൻ തമാശ രൂപേണ പറഞ്ഞ പ്രസ്താവനയിൽ എനിക്ക് വ്യക്തത വരുത്തേണ്ടതുണ്ട്.ഞാൻ പറഞ്ഞത് ഒരിക്കലും ശരിയായിരുന്നില്ല. ഒരു റെസ്പെക്ട് നൽകാതെയാണ് ഞാൻ സംസാരിച്ചത്. ഒരു വ്യക്തി എന്ന നിലയിലും ഒരു പ്രൊഫഷണൽ എന്ന നിലയിലും എനിക്ക് യോജിക്കാത്ത ഒരു പ്രവർത്തി തന്നെയാണ് അത്.അതുകൊണ്ടുതന്നെ ഈ തെറ്റിദ്ധാരണയിൽ ഞാൻ എല്ലാവരോടും മാപ്പ് പറയുന്നു “മെഡിന എഴുതി.
നിലവിൽ തകർപ്പൻ ഫോമിലാണ് മെഡിന കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ലൻസ് പിഎസ്ജിക്ക് വലിയ വെല്ലുവിളി ഉയർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.