ക്യാമ്പ് നൗവിൽ തീയ്യായി ബെൻസിമയും വിനിയും,ബാഴ്സ അടപടലം.
സമീപകാലത്തെ എൽ ക്ലാസ്സിക്കോ റിസൾട്ടുകൾ മാഡ്രിഡിന് അനുകൂലമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ജീവൻ മരണ പോരാട്ടത്തിന് ആയിരുന്നു റയൽ മാഡ്രിഡ് ഇറങ്ങിയിരുന്നത്. അതിനിപ്പോൾ ക്യാമ്പ് നൗവിൽ ഫലം കണ്ടിട്ടുണ്ട്.ഒരിക്കൽ കൂടി അവിസ്മരണീയ തിരിച്ചുവരവ് നടത്തി കൊണ്ടാണ് റയൽ മാഡ്രിഡ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിട്ടുള്ളത്.
കോപ്പ ഡെൽ റേ സെമിഫൈനലിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച റയൽ മാഡ്രിഡ് ഫൈനൽ പ്രവേശനം സാധ്യമാക്കി.ബെൻസിമയും വിനീഷ്യസ് ജൂനിയറും ആണ് ബാഴ്സയെ കശാപ്പ് ചെയ്തത്.
ഹാട്രിക്ക് ഗോൾ നേട്ടമാണ് ബെൻസിമ കരസ്ഥമാക്കിയിട്ടുള്ളത്. ആദ്യപകുതിയുടെ അവസാനത്തിലാണ് റയൽ മാഡ്രിഡ് ഗോൾ വേട്ട ആരംഭിക്കുന്നത്.ബെൻസിമയുടെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് ജൂനിയറാണ് ഗോൾ കണ്ടെത്തിയിട്ടുള്ളത്.
🙌 ¡ESTAMOS EN LA FINAL! 🙌
— Real Madrid C.F. (@realmadrid) April 5, 2023
🏁 FP: @FCBarcelona_es 0-4 @RealMadrid (Global 1-4)
⚽ @vinijr 45'+1', @Benzema 50', 58' (p), 81'#ElClásico | #Emirates pic.twitter.com/D6XfHnXdri
50ആം മിനുട്ടിൽ മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഗോൾ നേടി. 8 മിനിറ്റിനുശേഷം ലഭിച്ച പെനാൽറ്റി ബെൻസിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയർന്നു.80ആം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇതോടെ നാണംകെട്ട തോൽവി സ്വന്തം മൈതാനത്ത് ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടിവന്നു.