കാലാവധിക്ക് ശേഷം ക്ലബ്‌ വിടാൻ ആലോചിച്ച് അഗ്വേറൊ, കരാർ പുതുക്കാനൊരുങ്ങി സിറ്റി

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ സെർജിയോ അഗ്വേറൊക്ക് രണ്ട് വർഷം കൂടിയാണ് ക്ലബിൽ കാലാവധി ബാക്കിയുള്ളത്. 2022-ലാണ് സിറ്റിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്നത്. കരാറിന്റെ കാലാവധി തീർന്ന ശേഷം ക്ലബ്‌ വിടാനാണ് താരം ആലോചിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ മിറർ റിപ്പോർട്ട്‌ ചെയ്തിരുന്നു. തന്റെ യൂത്ത് കരിയർ ആരംഭിച്ച ക്ലബായ ഇന്റിപെന്റീന്റയിലേക്ക് തിരികെ പോവാനായിരുന്നു താരം ആലോചിച്ചിരുന്നത്. എന്നാലിപ്പോഴിതാ താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ആലോചനയിലാണ് മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററെ ഉടനടി കയ്യൊഴിയണ്ട എന്ന തീരുമാനത്തിലാണ് ക്ലബ്. ഇക്കാര്യം താരവുമായി സംസാരിച്ച ശേഷം ക്ലബ്‌ കരാർ പുതുക്കിയേക്കും. അങ്ങനെയെങ്കിൽ നിലവിൽ മുപ്പത്തിരണ്ട്കാരനായ താരം മുപ്പത്തിയഞ്ച് വയസ്സ് വരെ സിറ്റിയുടെ നീലജേഴ്സിയിൽ കളിച്ചേക്കും.

കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു അഗ്വേറൊയെ പോലെയുള്ള താരങ്ങൾക്ക് പകരക്കാരെ സിറ്റി തിരയണമെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള ആവിശ്യപ്പെട്ടിരുന്നത്. അത് താരങ്ങൾ ഫോം ഇല്ലാത്തത് കൊണ്ടല്ലെന്നും ഇവർക്ക് പ്രായം അധികരിച്ചു വരികയാണെന്നുമുള്ള യാഥാർഥ്യം കൊണ്ടാണ് എന്നുമാണ് പെപ് കാരണമായി ചൂണ്ടിക്കാട്ടിയത്. നിലവിൽ ഗബ്രിയേൽ ജീസസ് ഉണ്ടെങ്കിലും പുതിയ താരങ്ങളെ എത്തിക്കാൻ തന്നെയാണ് സിറ്റിയുടെ പ്ലാൻ. 2011-ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് താരം സിറ്റിയിൽ എത്തിയത്. ഇതുവരെ 370 മത്സരങ്ങൾ കളിച്ച താരം 254 തവണയാണ് വലകുലുക്കിയത്. ക്ലബിന്റെ എക്കാലത്തെയും ടോപ് സ്കോറെർ എന്ന പദവി താരത്തിന്റെ കൈകളിൽ ഭദ്രമാണ്. ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ താരം നേടിയിരുന്നു. അതേ സമയം പരിക്ക് മൂലം വിശ്രമിക്കുന്ന താരത്തിന് ഇനി ഈ സീസണിൽ കളിക്കാൻ സാധിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *