കൗലിബലിക്ക് വേണ്ടി രണ്ട് സൂപ്പർ താരങ്ങളെ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി

നാപോളിയുടെ സെനഗലീസ് പ്രതിരോധനിര താരം കാലിദൗ കൗലിബലിയെ മാഞ്ചസ്റ്റർ സിറ്റി നോട്ടമിട്ടിട്ട് കാലം കുറച്ചായി താരത്തിന് വേണ്ടിയുള്ള ചർച്ചകൾ നാപോളിയുമായി സിറ്റി നടത്തിയിരുന്നുവെങ്കിലും ധാരണയിലെത്താൻ ക്ലബിന് കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോൾ നാപോളിക്ക് മുൻപിൽ രണ്ട് സൂപ്പർ താരങ്ങളെ വാഗ്ദാനം ചെയ്തിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ അർജന്റൈൻ പ്രതിരോധനിര താരം നിക്കോളാസ് ഓട്ടമെന്റിയെയും ഒലക്സാണ്ടർ സിൻചെങ്കോയെയുമാണ് സിറ്റി താരത്തിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഓഫറിനോട് നാപോളി പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല എന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നുണ്ട്.

ഇരുപത്തിയൊമ്പതുകാരനായ താരം മികച്ച പ്രകടനമാണ് ഈ അടുത്ത കാലത്തായി കാഴ്ച്ചവെക്കുന്നത്. തുടക്കത്തിൽ താരത്തിന് വേണ്ടി എൺപത് മില്യൺ പൗണ്ടാണ് നാപോളി ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ സിറ്റി ഇതിന് തയ്യാറായിരുന്നില്ല. അതിന് പകരമായാണ് സിറ്റി താരങ്ങളെ വാഗ്ദാനം ചെയ്തത്. സിറ്റിയിലെ പ്രതിരോധനിര താരമായ ഓട്ടമെന്റിക്ക് ഈ സീസണിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുപ്പത്തിരണ്ടുകാരനായ താരത്തെ കൗലിബലിക്ക് പകരക്കാരനാകാൻ ഒരുപക്ഷെ നാപോളിക്ക് സാധിച്ചേക്കും. അതേ സമയം സിൻച്ചെങ്കോയെ കഴിഞ്ഞ സമ്മറിൽ സൈൻ ചെയ്യാൻ നാപോളി ശ്രമിച്ചിരുന്നു. ഏതായാലും ഈ ഓഫർ നാപോളി സ്വീകരിക്കുമോ എന്ന് കണ്ടറിയണം. അതേസമയം കൗലിബലിക്ക് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ, ചെൽസി, ആഴ്‌സണൽ, യുണൈറ്റഡ് എന്നിവരെല്ലാം തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *