പിന്നിൽ റയലിന്റെ കൈകളല്ല, സ്പാനിഷ് ഫുട്ബോളിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടിക്കും: ബാഴ്സക്കെതിരെ ലാലിഗ പ്രസിഡന്റ്‌.

ദിവസങ്ങൾക്ക് മുമ്പായിരുന്നു എഫ് സി ബാഴ്സലോണയുമായി ബന്ധപ്പെട്ട ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടത്.അതായത് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ലാലിഗ റഫറിമാരുടെ ടെക്നിക്കൽ കമ്മിറ്റി വൈസ് പ്രസിഡണ്ടിന് നിരവധി തവണ ബാഴ്സ പണം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ കമ്പനിക്ക് 33 തവണയാണ് ബാഴ്സ പണം കൈമാറിയിട്ടുള്ളത്. ഇത് റഫറിമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് എന്നുള്ള ആരോപണം വളരെ ശക്തമാണ്. ഈ കാലയളവിൽ തന്നെയാണ് ബാഴ്സ 2 ലാലിഗ കിരീടങ്ങൾ നേടിയതും.

നിയമപ്രകാരം ലാലിഗക്ക് ഈ കേസ് അന്വേഷിക്കാൻ കഴിയില്ലെങ്കിലും മറ്റു അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഏതായാലും ഈ വിഷയത്തിൽ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ഈ വിവാദം സ്പാനിഷ് ഫുട്ബോളിന്റെ പ്രതിച്ഛായക്ക് വലിയ രീതിയിൽ കോട്ടം തട്ടിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ വിവാദത്തിന് പിന്നിൽ റയൽ മാഡ്രിഡിന്റെ ഗൂഢാലോചന ഇല്ലെന്നും ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരുപാട് തവണ ബാഴ്സ പണം നൽകിയിട്ടുണ്ട്.എന്നാൽ തുക എത്രയാണ് എന്ന് അറിയില്ല. മത്സരത്തിന്റെ റിസൾട്ടുകളെ അത് ബാധിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും എനിക്കറിയില്ല. പക്ഷേ ലാലിഗയുടെ പ്രസിഡന്റ് എന്ന നിലയിൽ എനിക്കിത് ഇഷ്ടപ്പെട്ടില്ല.ഇത് വളരെ ഗുരുതരമായ കാര്യമാണ്. സ്പാനിഷ് ഫുട്ബോളിന്റെ പ്രതിച്ഛായക്ക് ഇത് കോട്ടം തട്ടിക്കും.ഇതിനുപിന്നിൽ ഗൂഢാലോചനകൾ ഒന്നുമില്ല. റയൽ മാഡ്രിഡ് ആണ് ഇതിന് പിന്നിൽ എന്നുള്ളത് തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണ്.മാധ്യമങ്ങൾ ഈ വിഷയത്തിൽ എരിവ് പകരുകയാണ് ചെയ്യുന്നത് ” ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും എന്തിനാണ് ബാഴ്സ പണം നൽകിയത് എന്നുള്ളത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ബാഴ്സ കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ അവർക്ക് ശിക്ഷ നടപടികൾ നേരിടേണ്ടി വരും.നിലവിൽ സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് എഫ്സി ബാഴ്സലോണ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *