ചാമ്പ്യൻസ് ലീഗ്: CR7 vs റയൽ മാഡ്രിഡ് മത്സരം വരുമോ?

UEFA ചാമ്പ്യൻസ് ലീഗ് ക്വോർട്ടർ ഫൈനൽ – സെമി ഫൈനൽ എക്സ്ചർ നിർണ്ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ് ക്വോർട്ടറിൽ റയൽ മാഡ്രിഡും യുവെൻ്റസും തമ്മിൽ ഏറ്റുമുട്ടുമോ എന്നത്. റയൽ മാഡ്രിഡിനെ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ യുവെൻ്റസിൻ്റെ നിരയിലാണ് എന്നതിനാൽ തന്നെ ഇത്തരം ഒരു മത്സരം നടന്നാൽ അതൊരു ഇമോഷണൽ ഇവെൻ്റാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ മത്സരം നടക്കാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് നമുക്കൊന്ന് വിലയിരുത്താം.

ചാമ്പ്യൻസ് ലീഗിൻ്റെ ഒന്നാം ക്വോർട്ടർ ഫൈനൽ മത്സരം മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ് മത്സരത്തിലെ വിജയികളും യുവെൻ്റസ് vs ഒളിംപിക് ലിയോൺ മത്സരത്തിലെ വിജയികളും തമ്മിലാണ്. പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 12ന് ആവും ഈ മത്സരം നടത്തുക. അതിന് മുന്നോടിയായി ഓഗസ്റ്റ് 7, 8 തീയ്യതികളിലായി പ്രീക്വോർട്ടറിൻ്റെ രണ്ടാംപാദ മത്സരങ്ങൾ കളിച്ച് തീർക്കേണ്ടതുണ്ട്. പ്രീക്വോർട്ടറിൻ്റെ ആദ്യപാദത്തിൽ റയലും യുവെൻ്റസും പരാജയപ്പെട്ടിരുന്നു. സാൻ്റിയാഗോ ബെർണാബ്യുവിൽ വെച്ച് 2 – 1നാണ് റയൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത്. ആ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സെർജിയോ റാമോസിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാംപാദ മത്സരം കളിക്കാനാവില്ല. നിലവിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും മികച്ച ഫോമിലാണ് എന്നതിനാൽ തന്നെ ഈ മത്സരത്തിൽ തീപാറും. എങ്കിലും എത്തിഹാദിൽ പോയി 2 ഗോളുകളെങ്കിലും അടിച്ച് ജയിക്കുക എന്നത് റയലിന് അത്ര എളുപ്പമാവില്ല, അസാധ്യമല്ല എങ്കിൽ പോലും.

യുവെൻ്റസ് ആദ്യപാദത്തിൽ ഒളിംപിക് ലിയോണിനോട് എവേ മത്സരത്തിലാണ് തോറ്റത്. അതും ഏകപക്ഷീയമായ ഒരു ഗോളിന്. ലീഗ് വൺ ഉപേക്ഷിച്ചതിനാൽ ലിയോണിനിപ്പോൾ മത്സരങ്ങളില്ല. പ്ലേയിംഗ് ടൈം കുറവാണ് എന്നത് അവർക്ക് തിരിച്ചടിയാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഫോമിൽ യുവെൻ്റസ് അവരെ മറികടന്ന് ക്വോർട്ടറിൽ എത്താൻ തന്നെയാണ് സാധ്യത. പക്ഷേ സിറ്റിയെ മറികടന്ന് റയൽ മുന്നോട്ട് കയറാനുള്ള സാധ്യത കുറവായതിനാൽ CR7 vs റയൽ മത്സരം നടന്നേക്കില്ല. എങ്കിലും ആ സാധ്യത തള്ളിക്കളയാനാവില്ല എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *