ഇല്ല..പോർച്ചുഗീസ് സൂപ്പർ താരത്തെ ബാഴ്സ മറന്നിട്ടില്ല!

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ഡച്ച് സൂപ്പർതാരമായ മെംഫിസ് ഡീപേ ക്ലബ്ബ് വിട്ടത്. മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. കേവലം മൂന്ന് മില്യൺ യൂറോ മാത്രമാണ് അത്ലറ്റിക്കോ ചിലവഴിച്ചിട്ടുള്ളത്. അവിടെ അരങ്ങേറ്റം കുറിക്കാനും ഇപ്പോൾ ഡീപേക്ക് കഴിഞ്ഞിട്ടുണ്ട്.

ഡീപേയുടെ സ്ഥാനത്തേക്ക് ഒരു താരത്തെ ഇപ്പോൾ ബാഴ്സക്ക് ആവശ്യമാണ്.അത്ലറ്റിക്കോയുടെ തന്നെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സിന് വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. തുടർന്ന് താരത്തെ ചെൽസി 6 മാസത്തേക്ക് ലോൺ അടിസ്ഥാനത്തിൽ കരസ്ഥമാക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഫെലിക്സ് റെഡ് കാർഡ് കണ്ടത് ചെൽസിക്ക് തിരിച്ചടിയാവുകയായിരുന്നു. മാത്രമല്ല ഈ സീസണിന് ശേഷം താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ചെൽസിക്ക് മുന്നിൽ ഇല്ല. അതുകൊണ്ടുതന്നെ ഫെലിക്സ് അത്ലറ്റിക്കോയിലേക്ക് തന്നെ മടങ്ങിയെത്തിയേക്കും.

താരത്തെ സ്വന്തമാക്കാനുള്ള താൽപര്യം ഇപ്പോഴും ബാഴ്സ ഉപേക്ഷിച്ചിട്ടില്ല.വരുന്ന സമ്മറിൽ അദ്ദേഹത്തെ ടീമിലേക്ക് എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്. പക്ഷേ ഫെലിക്സിന്റെ കാര്യത്തിൽ ഏത് രൂപത്തിലുള്ള ഒരു തീരുമാനം അത്ലറ്റിക്കോ എടുക്കും എന്നുള്ളത് വ്യക്തമാണ്.സിമയോണി തന്നെ പരിശീലകനായി തുടരുകയാണെങ്കിൽ ഫെലിക്സിന് സ്ഥാനമുണ്ടാവില്ല. അതേസമയം സിമയോണി ക്ലബ്ബ് വിടുകയാണെങ്കിൽ ഫെലിക്സ് അത്ലറ്റിക്കോയിൽ തുടരാൻ തന്നെയാണ് സാധ്യത.

ഫെലിക്സിന്റെ ഏജന്റായ ജോർഹെ മെന്റസ് ബാഴ്സയുമായി വളരെയധികം അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ ഫെലിക്സിനെ എത്തിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷ ബാഴ്സ വെച്ചു പുലർത്തുന്നുണ്ട്. 2027 വരെയാണ് താരത്തിന് കോൺട്രാക്ട് അവശേഷിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ഈ പോർച്ചുഗീസ് സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു.സാവിയുടെ ശൈലിക്ക് അനുയോജ്യമാവുന്ന ഒരു താരമാണ് ഫെലിക്സ് എന്നാണ് ബാഴ്സ വിശ്വസിക്കുന്നത്. പ്രമുഖ മാധ്യമമായ സ്പോട്ടാണ് ഇക്കാര്യങ്ങളെല്ലാം പങ്കുവെച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *