ക്രിസ്റ്റ്യാനോ,ഡിബാല,കുലുസെവ്ക്കി..സൂപ്പർ താരങ്ങളെ കാത്തിരിക്കുന്നത് വമ്പൻ വിലക്കോ?
ഈയിടെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് വലിയ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിരുന്നത്.കോവിഡ് കാലത്ത് നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കുള്ള ശിക്ഷയായി കൊണ്ടായിരുന്നു യുവന്റസിന്റെ 15 പോയിന്റുകൾ കുറക്കപ്പെട്ടിരുന്നത്. ഇതോടെ യുവന്റസ് സിരി എയിൽ ഏറെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.
മാത്രമല്ല യുവന്റസിന്റെ പ്രസിഡന്റ് ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾക്ക് വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു. രണ്ടര വർഷത്തേക്കാണ് ഇവർക്കൊക്കെ വിലക്ക് ലഭിച്ചിട്ടുള്ളത്. ചുരുക്കത്തിൽ വലിയ രൂപത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് യുവന്റസ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഈ സാമ്പത്തിക ക്രമക്കേട് വിഷയത്തിൽ കൂടുതൽ നടപടികൾ യുവന്റസിനും അവരുടെ താരങ്ങൾക്കും നേരിടേണ്ടി വന്നേക്കും.കോവിഡ് കാലത്ത് കണക്കിൽ പെടാത്ത സാമ്പത്തിക സ്രോതസ്സിൽ നിന്നാണ് പല താരങ്ങൾക്കും യുവന്റസ് സാലറി നൽകിയിരുന്നത്. മാത്രമല്ല താരങ്ങളുടെ അറിവോടുകൂടിയായിരുന്നു ഇത് നടന്നിരുന്നത്.
👀 Cristiano y otros ex de la Juventus como Dybala o Kulusevski, que hoy ya están en otros equipos, podrían recibir una severa sanción a raíz del escándalo financiero en la Juventushttps://t.co/t4Ecvp6F4S
— Mundo Deportivo (@mundodeportivo) January 26, 2023
സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ഡിബാല,കുലുസെവ്സ്ക്കി എന്നിവരൊക്കെ ഇത്തരത്തിലുള്ള സാലറി കൈപ്പറ്റിയിട്ടുണ്ട് എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ കണ്ടെത്തിയിട്ടുള്ളത്. ഈ വിഷയത്തിൽ ഈ താരങ്ങൾ കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ വലിയ ശിക്ഷാനടപടികളും വിലക്കുമൊക്കെ നേരിടേണ്ടി വരുമെന്നും മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പക്ഷേ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.
നിലവിൽ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഡിബാല യുവന്റസ് വിട്ടുകൊണ്ട് റോമയിലേക്ക് ചേക്കേറിയിട്ടുണ്ട്.ഏതായാലും സാമ്പത്തിക ക്രമക്കേടുകളിലെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.