യുവതാരത്തിന് വേണ്ടിയുള്ള ആർബി ലെയ്പ്സിഗിന്റെ ഓഫർ നിരസിച്ച് ബാഴ്സലോണ

ബാഴ്സലോണയുടെ ഭാവി വാഗ്ദാനമായി അറിയപ്പെടുന്ന ലൈക്സ് മൊറിബക്ക് വേണ്ടിയുള്ള ആർബി ലെയ്പ്സിഗിന്റെ ഓഫർ നിരസിച്ച് ബാഴ്സ. പതിനേഴുകാരനായ താരത്തെ ലോണിൽ എങ്കിലും ക്ലബിൽ എത്തിക്കാനായിരുന്നു നേഗൽസ്മാന്റെ ലെയ്പ്സിഗ് പദ്ധതിയിട്ടിരുന്നത്. എന്നാൽ താരത്തെ വിട്ടുനൽകില്ലെന്ന് ബാഴ്‌സ ക്ലബ്ബിനെ അറിയിക്കുകയായിരുന്നു. ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടറായ എറിക് അബിദാലാണ് ലെയ്പ്സിഗിന്റെ ഓഫർ നിരസിച്ചത്. കഴിഞ്ഞ സീസൺ മുതലാണ് ഈ മധ്യനിര താരം ബാഴ്സയുടെ ബി ടീമിൽ കളിച്ചു തുടങ്ങിയത്. 2010 മുതൽ ബാഴ്സയുടെ വളർന്ന താരം ഗിനിയൻ വംശജനാണ്. സ്പെയിനിന്റെ അണ്ടർ 17, 18 ടീമുകൾക്ക് വേണ്ടി ബൂട്ടണിയാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാഴ്സ ബിക്ക് വേണ്ടി ഒൻപത് മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്.

നിലവിൽ 2022 വരെ താരത്തിന് ബാഴ്‌സയുമായി കരാറുണ്ട്. മാത്രമല്ല താരത്തിന്റെ റിലീസ് ക്ലോസ് നൂറ് മില്യൺ യുറോയുമാണ്. താരത്തെ വിട്ടുനൽകാൻ ബാഴ്‌സ ഒരുക്കമല്ല എന്നാണ് ഇതിനർത്ഥം. അതേ സമയം കൂടുതൽ യുവതാരങ്ങളെ ടീമിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈപ്സിഗ് ബാഴ്സയെ ഓഫറുമായി സമീപിച്ചത്. ക്ലബിന്റെ സൂപ്പർ താരം ടിമോ വെർണർ ഈ സീസണിന് ശേഷം ചെൽസിയിലേക്ക് പോവും. താരത്തിന്റെ വിടവ് നികത്താൻ വമ്പൻ തുക മുടക്കി താരങ്ങളെ എത്തിക്കില്ലെന്ന് ക്ലബ്ബിന്റെ മാനേജിങ് ഡയറക്ടർ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *