റൊണാൾഡോക്ക് വിലക്ക്,അൽ നസ്സ്റിന്റെ മത്സരങ്ങൾ നഷ്ടമാവും !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അദ്ദേഹത്തിന്റെ പുതിയ ക്ലബ്ബായ അൽ നസ്സ്ർ ഒരു രാജകീയമായ വരവേൽപ്പായിരുന്നു നൽകിയിരുന്നത്. താരത്തിന്റെ പ്രസന്റേഷൻ കാണാൻ വേണ്ടി നിരവധി അൽ നസ്സ്ർ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. റൊണാൾഡോയുടെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പ്രമുഖ മാധ്യമങ്ങളായ ഡെയിലി മെയിലും ഗോൾ ഡോട്ട് കോമും പുറത്ത് വിട്ടിട്ടുണ്ട്. അതായത് അൽ നസ്സ്റിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കളിക്കാൻ കഴിയില്ല എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വിലക്കാണ് ഇതിന്റെ കാരണമായി കൊണ്ട് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു എവർട്ടൻ ആരാധകനായ കുട്ടിയുടെ കൈകളിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് റൊണാൾഡോ നശിപ്പിച്ചിരുന്നു. ആ വിഷയത്തിൽ ഇംഗ്ലീഷ് എഫ്എ അന്വേഷണം നടത്തുകയും റൊണാൾഡോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങളിലായിരുന്നു റൊണാൾഡോക്ക് ഇതിന്റെ ശിക്ഷ നടപടിയായി കൊണ്ട് വിലക്ക് വിധിച്ചിരുന്നത്.

ആ വിലക്ക് ഫിഫയുടെ പരിധിയിൽ വരുന്നതിനാൽ സൗദി അറേബ്യയിലും ബാധകമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതിനർത്ഥം അൽ നസ്സ്റിന്റെ രണ്ട് മത്സരങ്ങളിൽ റൊണാൾഡോക്ക് പങ്കെടുക്കാൻ കഴിയില്ല. ഇന്ന് നടക്കുന്ന മത്സരത്തിലും ജനുവരി പതിനാലാം തീയതി അൽ ശബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാൾഡോക്ക് പങ്കെടുക്കാൻ കഴിയില്ല എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഇങ്ങനെയാണെങ്കിൽ റൊണാൾഡോയുടെ അരങ്ങേറ്റത്തിന് വേണ്ടി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *