സ്വാഗതം ലിയോ മെസ്സി : ഫുട്ബോൾ ലോകത്തെ എലൈറ്റ് ക്ലബ്ബിലേക്ക് മെസ്സിയെ വരവേറ്റ് കക്ക!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി സമ്പൂർണ്ണനായിരുന്നു.ലോക ഫുട്ബോളിലെ സ്വന്തമാക്കാൻ കഴിയുന്ന നേട്ടങ്ങളെല്ലാം തന്നെ ലയണൽ മെസ്സി കരസ്ഥമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും ബാലൺഡി’ഓറുകളുമെല്ലാം സ്വന്തം ഷെൽഫിൽ എത്തിക്കാൻ ഈ അർജന്റീന നായകന് സാധിച്ചിരുന്നു.

ലോക ഫുട്ബോളിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ട്രിപ്പിൾ ക്രൗൺ. അതായത് ചാമ്പ്യൻസ് ലീഗ് കിരീടവും വേൾഡ് കപ്പ് കിരീടവും ബാലൺഡി’ഓർ പുരസ്കാരവും നേടിയ താരങ്ങളാണ് ട്രിപ്പിൾ ക്രൗണിൽ ഉൾപ്പെടുക. എലൈറ്റ് ക്ലബ്ബ് എന്നും ഇത് അറിയപ്പെടാറുണ്ട്. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി ഈ ക്ലബ്ബിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

മാത്രമല്ല ലയണൽ മെസ്സിയെ ബ്രസീലിയൻ ഇതിഹാസമായ കക്ക വരവേൽക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെയാണ് ഈ ക്ലബ്ബിലേക്ക് കക്ക മെസ്സിയെ വെൽക്കം ചെയ്തിട്ടുള്ളത്.നിലവിൽ 9 താരങ്ങളാണ് ഈ ക്ലബ്ബിൽ ഉള്ളത്. ലയണൽ മെസ്സിയെയും കക്കയെയും കൂടാതെ റൊണാൾഡീഞ്ഞോ,റിവാൾഡോ,സിനദിൻ സിദാൻ,പൗലോ റോസി,ഗെർഡ് മുള്ളർ, ഫ്രാൻസ് ബെക്കൻബോർ,സർ ബോബി ചാൾട്ടൻ എന്നിവരാണ് ഈ ക്ലബ്ബിൽ ഇടം നേടിയിട്ടുള്ളത്.

അതേസമയം മറ്റൊരു ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാറിയോക്ക് ഈ എലൈറ്റ് ക്ലബ്ബിൽ ഇടമില്ല.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഈ ക്ലബ്ബിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.വേൾഡ് കപ്പിന്റെ അഭാവമാണ് അദ്ദേഹത്തെ അലട്ടുന്നത്. ഏതായാലും ലയണൽ മെസ്സി കൂടി ഈ എലൈറ്റ് ക്ലബ്ബിൽ എത്തുമ്പോൾ ഇതിന്റെ ശോഭ വർദ്ധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *