ഈ ലാലിഗ ബാഴ്സക്ക് നേടാനാവുമെന്ന് സെറ്റിയൻ

ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായി നാല് പോയിന്റിന് പിറകിലാണെങ്കിലും ആത്മവിശ്വാസം കൈവിടാതെ ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ. ഈ ലാലിഗ ബാഴ്സക്ക് നേടാൻ കഴിയുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കിരീടം നേടുക എന്നത് ലളിതമായ കാര്യമല്ല എന്നറിയാമെന്നും പക്ഷെ അവസാനദിവസം വരെ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന പ്രീ മാച്ച് പ്രെസ്സ് കോൺഫറൻസിലാണ് സെറ്റിയൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ഇന്ന് ലാലിഗയിൽ നടക്കുന്ന മുപ്പത്തിയഞ്ചാം റൗണ്ട് പോരാട്ടത്തിൽ ബാഴ്സ എസ്പാനോളിനെ നേരിടുന്നുണ്ട്. തരംതാഴ്ത്തൽ ഭീഷണിയിൽ ഉള്ള എസ്പാനോളിനെ ബാഴ്സക്ക് എളുപ്പത്തിൽ മറികടക്കാനാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്നത്തെ മത്സരം മാറ്റിനിർത്തിയാൽ മൂന്നു മത്സരങ്ങൾ കൂടിയാണ് ബാഴ്സക്ക് ലീഗിൽ അവശേഷിക്കുന്നത്.

” തീർച്ചയായും ബാഴ്സക്ക് ഈ ലാലിഗ കിരീടം നേടാൻ തന്നെ സാധിക്കും. യാഥാർഥ്യങ്ങളും കണക്കുകളും അത് തെളിയിക്കുന്നുണ്ട്. അത് ലളിതമല്ലെന്നറിയാം. പക്ഷെ അവസാനദിവസം വരെയും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഞങ്ങൾ ഓരോ മത്സരത്തെ കുറിച്ചും അതിലെങ്ങനെ വിജയം നേടാം എന്നതിനെ കുറിച്ചും മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്. തീർച്ചയായും അക്കാര്യങ്ങളിൽ പുരോഗതിയുമുണ്ട്. ഞങ്ങളെകൊണ്ട് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ചാമ്പ്യൻസ് ലീഗിലും അത് തുടരും. കഴിഞ്ഞ മത്സരത്തിലെ ജയം കൊണ്ട് കാര്യങ്ങൾ എല്ലാം തന്നെ മാറിമറിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. ഞാൻ എന്റെ ജോലി തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. എന്റെ ലക്ഷ്യം എന്നുള്ളത് ക്ലബ് എന്നിൽ സന്തോഷം കണ്ടെത്തുക എന്നുള്ളതാണ്. അത്കൊണ്ട് തന്നെ ജയത്തിനോ പരാജയത്തിനോ ഞാൻ വലിയ മൂല്യമൊന്നും കല്പിക്കാറില്ല. ഓരോ ദിവസവും തോന്നുന്ന പോലെയല്ല കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോവാൻ ഞാൻ ഉദ്ദേശിക്കുന്നത്. എനിക്ക് വ്യക്തമായ വീക്ഷണമുണ്ട്. അതിനനുസരിച്ചു മുന്നോട്ട് പോവും ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *