ഗോൾ നേടിയും ഗോൾ കീപ്പറായി ഗോൾ തടഞ്ഞും ഒകമ്പസ്, സെവിയ്യക്ക് നാടകീയജയം

ഒരുപിടി നാടകീയ നിമിഷങ്ങൾക്കായിരുന്നു ഇന്നലെ ലാലിഗയിൽ നടന്ന സെവിയ്യ-എയ്ബർ മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ഒരു ഗോളിന് സെവിയ്യ വിജയം നേടിയെങ്കിലും മത്സരത്തെ ആകർഷകമാക്കിയ കാര്യം മറ്റൊന്നാണ്. സെവിയ്യക്ക് വേണ്ടി ഗോൾ നേടിയും അവസാനം ഗോൾ കീപ്പറായി ഗോൾ തടുത്തും ഹീറോ ആയത് അർജന്റൈൻ താരം ലൂക്കാസ് ഒകമ്പസാണ്. സെവിയ്യയുടെ സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിന്റെ അവസാനത്തിലാണ് നാടകീയം നിമിഷങ്ങൾക്ക് സാക്ഷിയായത്. ഒകമ്പസ് ഗോൾ കീപ്പറായപ്പോൾ താരത്തിന് ഭീഷണിയായത് എയ്ബർ ഗോൾകീപ്പർ ദിമിത്രോവിച് ആണ് എന്നുള്ളത് നാടകീയതകൾക്ക് ആക്കം കൂട്ടി. ജയത്തോടെ ലീഗിലെ നാലാം സ്ഥാനം ഭദ്രമാക്കാൻ സെവിയ്യക്ക് സാധിച്ചു. മുപ്പത്തിനാല് മത്സരങ്ങളിൽ നിന്ന് അറുപത് പോയിന്റാണ് സെവിയ്യയുടെ സമ്പാദ്യം.

സംഭവവികാസങ്ങൾ ഇങ്ങനെയാണ്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അൻപത്തിയാറാം മിനുട്ടിലാണ് അർജന്റൈൻ താരം ഒകമ്പസ് സെവിയ്യക്ക് വേണ്ടി വലകുലുക്കുന്നത്. ജീസസ് നവാസിന്റെ ക്രോസിൽ നിന്നുമാണ് താരം ഗോൾ നേടിയത്. ഈ ഒരു ഗോളിന്റെ ലീഡുമായി സെവിയ്യ വിജയത്തിലേക്ക് കുതിക്കാനിരിക്കെയാണ് സെവിയ്യ ഗോൾ കീപ്പർ തോമസ് വാക്ലിക് പരിക്കേറ്റ് പുറത്തു പോവുന്നത്. മത്സരത്തിന്റെ ഇഞ്ചുറി സമയമായ തൊണ്ണൂറ്റിഒൻപതാം മിനുട്ടിൽ ആയിരുന്നു ഗോൾകീപ്പർക്ക് പരിക്കേറ്റത്. അഞ്ച് സബുകൾ പൂർത്തിയാക്കിയ സെവിയ്യക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നു. ലുക്കാസ് ഒകമ്പസ് ഗ്ലൗ അണിയുന്നു. ഗോൾ കീപ്പറായ ഉടനെ ഒകമ്പസിന് വലിയൊരു വെല്ലുവിളി നേരിടേണ്ടി വരുന്നു. കോർണറിൽ കിക്കിൽ നിന്നും ലഭിച്ച പന്ത് പോസ്റ്റിലേക്ക് ഉന്നം വെച്ച് തൊടുത്തത് എയ്ബർ ഗോൾകീപ്പർ ദിമിത്രോവിച്ച്. താരത്തിന്റെ ഷോട്ട് പണിപെട്ട് അർജന്റൈൻ താരം സേവ് ചെയ്യുന്നു. ഒടുവിൽ ഗോൾ മുഖത്ത് നിന്ന് അപകടം ഒഴിവായതോടെ മത്സരം അവസാനിക്കുകയും ചെയ്യുന്നു. ഗോൾനേടിയും ഗോൾകീപ്പറായി ഗോൾതടഞ്ഞും ലുക്കാസ് ഒകമ്പസ് സെവിയ്യയുടെ ഹീറോയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *