സുന്ദരം അതിമനോഹരം ഈ കാഴ്ച്ച,ഹൃദയം തകർന്ന നെയ്മറെ ആശ്വസിപ്പിച്ച് ലിയോ!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ ബ്രസീലിനെ മറികടന്നത്.ക്രൊയേഷ്യയും അർജന്റീനയും തമ്മിലാണ് സെമിഫൈനൽ മത്സരം കളിക്കുക.

മത്സരത്തിൽ നെയ്മർ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്. വളരെ സുന്ദരമായ ഒരു ഗോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തേക്ക് പോവുകയായിരുന്നു.

ഹൃദയം തകർന്നു നിൽക്കുന്ന നെയ്മർ ജൂനിയറെയായിരുന്നു പരാജയത്തിനുശേഷം നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. പലപ്പോഴും കരച്ചിലടക്കാൻ നെയ്മർ പാടുപെട്ടു. പൊട്ടിക്കരയുന്ന നെയ്മറുടെ കാഴ്ച്ച ഫുട്ബോൾ ആരാധകരിൽ ഇപ്പോഴും ഒരു നൊമ്പരമായി അവശേഷിക്കുകയാണ്.

എന്നാൽ ആ നിമിഷത്തിലും സുന്ദരമായ ഒരു കാഴ്ച്ച പിറവിയെടുത്തിരുന്നു. അതായത് ഇവാൻ പെരിസിച്ചിന്റെ മകനായ ലിയോ പെരിസിച്ച് നെയ്മറെ ആശ്വസിപ്പിക്കാൻ വേണ്ടി കളത്തിലേക്ക് ഓടിയെത്തുകയായിരുന്നു. സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരം ആ കുഞ്ഞു ആരാധകന് ഒരല്പം വെയിറ്റ് ചെയ്യേണ്ടി വന്നിരുന്നുവെങ്കിലും ബുദ്ധിമുട്ടേറിയ സമയത്തും നെയ്മർ ജൂനിയർ ലിയോ അവഗണിച്ചിരുന്നില്ല.

ലിയോ പെരിസിച്ചിനെ നെയ്മർ ജൂനിയർ ചേർത്ത് പിടിക്കുകയായിരുന്നു.ലിയോയാവട്ടെ നെയ്മറുടെ നെഞ്ചിൽ തട്ടിക്കൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു.അപ്പോഴും കണ്ണീർ പൊഴിക്കുന്ന നെയ്മറെയായിരുന്ന നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. അതിമനോഹരമായ ഒരു കാഴ്ചയാണ് കളിക്കളത്തിൽ പിറവിയെടുത്തത്. ഏതായാലും ഒരിക്കൽ കൂടി നെയ്മർ ഒരു വലിയ വേദിയിൽ തല താഴ്ത്തി മടങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *