ചരിത്ര ഗോൾ, റഫറിയുടെ അഭിനന്ദനത്തിന് പിന്നാലെ റെഡ് കാർഡും, അബൂബക്കറാണ് താരം!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ ബ്രസീലിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ കാമറൂണിനോട് പരാജയപ്പെട്ടത്. മത്സരത്തിന്റെ അധികസമയത്ത് വിൻസന്റ് അബൂബക്കർ നേടിയ ഗോളാണ് കാമറൂണിന് വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിന്റെ 81ആം മിനുട്ടിൽ വിൻസന്റ് അബൂബക്കർ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു.92ആം മിനുട്ടിലാണ് അബൂബക്കറിന്റെ ഗോൾ പിറക്കുന്നത്.ജെറോമിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. ഫിഫ വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടുന്ന ആദ്യ ആഫ്രിക്കൻ താരം എന്ന ചരിത്ര നേട്ടമാണ് ഈ ഗോളിലൂടെ അബൂബക്കർ സ്വന്തമാക്കിയിട്ടുള്ളത്.

ഈ ചരിത്ര ഗോൾ തന്നെ ജേഴ്സി ഊരി കൊണ്ടാണ് അബൂബക്കർ ആഘോഷിച്ചത്.എന്നാൽ ഫിഫയുടെ നിയമപ്രകാരം ജേഴ്സി ഊരിയാൽ യെല്ലോ കാർഡ് ലഭിക്കും. അങ്ങനെ അബൂബക്കറിന്റെ ഗോളാഘോഷം കഴിഞ്ഞതിനുശേഷം റഫറി അദ്ദേഹത്തെ അഭിനന്ദിക്കുകയായിരുന്നു. അതിനുശേഷം ചിരിച്ചുകൊണ്ടാണ് റഫറി യെല്ലോ കാർഡും റെഡ് കാർഡും നൽകിയത്.

വിൻസന്റ് അബൂബക്കറും ചിരിച്ചുകൊണ്ടാണ് ഈ റെഡ് കാർഡിനെ ഏറ്റുവാങ്ങിയത്. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. പിന്നീട് കാമറൂൺ 10 പേരെ വെച്ചാണ് കളിച്ചതെങ്കിലും ബ്രസീലിനെ ഗോൾ അടിക്കാതെ തടഞ്ഞുനിർത്തുകയായിരുന്നു. ഏതായാലും ഒരു ചരിത്രവിജയം തന്നെയാണ് കാമറൂൺ നേടിയിട്ടുള്ളത്. കിട്ടിയ അവസരങ്ങൾ തുലച്ചുകളഞ്ഞതാണ് ബ്രസീലിന് വിനയായത്.

Leave a Reply

Your email address will not be published. Required fields are marked *