ഞങ്ങളെ പുറത്താക്കിയത് ഞങ്ങൾ തന്നെ: ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ലിക്ക്!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ കോസ്റ്റാറിക്കയെ പരാജയപ്പെടുത്താൻ ജർമ്മനിക്ക് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജർമനി കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയത്.എന്നാൽ ഇതേ സമയത്ത് തന്നെ നടന്ന മത്സരത്തിൽ സ്പെയിൻ ജപ്പാനോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ ജർമ്മനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും വേൾഡ് കപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
തുടർച്ചയായ രണ്ടാം തവണയാണ് ജർമ്മനി വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നത്. ഈയൊരു പുറത്താവൽ വലിയ നിരാശയാണ് നൽകുന്നത് എന്നുള്ള കാര്യം ജർമ്മനിയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് തുറന്ന് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല ജർമ്മനിയെ തോൽപ്പിച്ചത് ജർമ്മനിയാണെന്നും ഇനി സ്വയം പഴിക്കാമെന്നുമാണ് ഫ്ലിക്ക് കൂട്ടിച്ചേർത്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Hansi Flick on Germany's World Cup elimination:
— Get German Football News (@GGFN_) December 1, 2022
"The disappointment is huge." https://t.co/C4zuSeBcEZ
” ഈ പുറത്താവൽ വലിയ നിരാശയാണ് സമ്മാനിക്കുന്നത്.എനിക്കൊരിക്കലും സ്പെയിനിനെ കുറ്റപ്പെടുത്താൻ കഴിയില്ല.ഞാൻ ഒരിക്കലും മറ്റുള്ള ടീമുകളിലേക്ക് നോക്കാറില്ല. നമ്മുടെ പുറത്താവലിന് നമ്മൾ തന്നെയാണ് കാരണം.ഇനി നമുക്ക് സ്വയം പഴിക്കാം.ഞങ്ങൾക്ക് ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു.ജപ്പാനെതിരെയും സ്പയിനിനെതിരെയും ഞങ്ങൾക്ക് അവസരങ്ങൾ ഉണ്ടായിരുന്നു ” ഇതാണ് ജർമനിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും സംഭവബഹുലമായ രീതിയിലാണ് ഗ്രൂപ്പ് ഇ അവസാനിക്കുന്നത്. സ്പെയിനും ജർമ്മനിയും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് ഇവർ രണ്ടുപേരെയും തോൽപ്പിച്ചുകൊണ്ട് ഒന്നാമത് എത്തിയത് ഏഷ്യൻ കരുത്തരായ ജപ്പാനാണ് എന്നുള്ളത് ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.