ബ്രസീൽ ടീമിൽ റെക്കോർഡിട്ട് ഡാനി ആൽവസ്,പിന്നാലെ വലിയ വിമർശനം!

ഇന്നലെയായിരുന്നു ബ്രസീലിന്റെ പരിശീലകനായ ടിറ്റെ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. 26 പേർ അടങ്ങിയ ഒരു സ്‌ക്വാഡായിരുന്നു ഇത്. പരിക്ക് മൂലം സൂപ്പർ താരം കൂട്ടിഞ്ഞോ സ്‌ക്വാഡിൽ നിന്നും പുറത്തായിട്ടുണ്ട്. മാത്രമല്ല മറ്റൊരു സൂപ്പർതാരമായ ഫിർമിനോക്ക് ഇടം നേടാൻ സാധിക്കാതെ പോയത് പലർക്കിടയിലും ഞെട്ടൽ ഉണ്ടാക്കുകയും ചെയ്തു.

അതേസമയം ബ്രസീലിന്റെ സീനിയർ താരമായ ഡാനി ആൽവസ് ഒരിക്കൽ കൂടി ബ്രസീലിന്റെ വേൾഡ് കപ്പിനുള്ള ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.39 വയസ്സാണ് താരത്തിന് എന്നോർക്കണം. റൈറ്റ് ബാക്ക് പൊസിഷനിൽ ആവശ്യമായ മികച്ച താരങ്ങൾ ഇല്ലാത്തതിനാലാണ് ടിറ്റെ താരത്തെ തിരഞ്ഞെടുക്കാൻ നിർബന്ധിതനായിരിക്കുന്നത്. ബ്രസീലിന്റെ വേൾഡ് കപ്പിനുള്ള ടീമിൽ ഇടം നേടിയതോടുകൂടി ഡാനി ആൽവസ് ഒരു റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.

അതായത് ബ്രസീലിന് വേണ്ടി വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ് ഡാനി സ്വന്തമാക്കിയിട്ടുള്ളത്.1966-ലെ വേൾഡ് കപ്പിൽ പങ്കെടുത്ത ഡാൽമ സാന്റോസിനെയാണ് ഇപ്പോൾ ഡാനി ആൽവസ് മറികടന്നിരിക്കുന്നത്.അന്ന് സാന്റോസിന് 37 വയസ്സായിരുന്നു പ്രായം. ഇന്ന് 39 വയസ്സുള്ള ഡാനി ഖത്തറിലേക്കുള്ള ബ്രസീൽ ടീമിൽ ഇടം നേടിയിട്ടുണ്ട് എന്നുള്ളതാണ്.

എന്നാൽ താരത്തെ ഉൾപ്പെടുത്തിയതിൽ വലിയ വിമർശനങ്ങളാണ് പരിശീലകനായ ടിറ്റെക്ക് ഇപ്പോൾ ബ്രസീലിൽ നിന്നും ഏൽക്കേണ്ടി വരുന്നത്. താരത്തിന്റെ പ്രായവും ഫിറ്റ്നസും തന്നെയാണ് പ്രശ്നം.മെക്സിക്കൻ ലീഗിലാണ് താരം കളിക്കുന്നത്.മാത്രമല്ല ആ ലീഗ് അവസാനിച്ചിട്ട് ഇപ്പോൾ നാളുകൾ ഏറെയായി. അതായത് സമീപകാലത്ത് മത്സരങ്ങൾ കളിക്കാത്ത ഒരു താരത്തെയാണ് ടിറ്റെ കൊണ്ടുപോകുന്നത് എന്നാണ് വിമർശനം.മാത്രമല്ല താരത്തിന് ഈയിടെ പരിക്കുകൾ ഏറ്റിരുന്നു.ഇതൊക്കെ ആശങ്ക നൽകുന്ന ഒരു കാര്യം തന്നെയാണ്. എന്നിരുന്നാൽ പോലും താരത്തിന്റെ പരിചയസമ്പത്ത് ഗുണകരമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *