ഗാബി ഗോൾ മിന്നി,സൗത്തമേരിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ബ്രസീലിയൻ ക്ലബ്ബ്!
ഈ സീസണിലെ കോപ്പ ലിബർട്ടഡോറസ് കിരീടം ബ്രസീലിയൻ വമ്പൻമാരായ ഫ്ലമെങ്കോ സ്വന്തമാക്കി. മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ അത്‌ലറ്റികോ പരാനെൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് ഫ്ലമെങ്കോ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ബാർബോസയാണ് ഫ്ലമെങ്കോയുടെ വിജയ ഗോൾ കരസ്ഥമാക്കിയിട്ടുള്ളത്.
മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാന നിമിഷത്തിലാണ് ബാർബോസയുടെ ഈ വിജയ ഗോൾ പിറന്നിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർതാരമായ എവെർട്ടൺ റിബയ്റോയുടെ അസിസ്റ്റിൽ നിന്നാണ് ഈയൊരു വിജയ ഗോൾ ബാർബോസ സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ പ്രതിരോധനിര താരമായ പെഡ്രോ ഹെൻറിക്കെ റെഡ് കാർഡ് കണ്ടുകൊണ്ട് പുറത്തായത് അത്ലറ്റിക്കോ പരാനെൻസിന് തിരിച്ചടിയാവുകയായിരുന്നു.
❤️🖤 Raça, Amor e Tricampeão!
— CONMEBOL Libertadores (@LibertadoresBR) October 29, 2022
⭐️⭐️⭐️ O @Flamengo é pela terceira vez o dono da América! O campeão invicto da CONMEBOL #Libertadores 2022 já é especialista da #GloriaEterna.#Flamengo #CRF #Mengo pic.twitter.com/nsQ6arUd7H
ടീമിന്റെ ചരിത്രത്തിലെ മൂന്നാമത്തെ കോപ ലിബർട്ടഡോറസ് കിരീടമാണ് ഇപ്പോൾ ഫ്ലമെങ്കോ സ്വന്തമാക്കിയിട്ടുള്ളത്. ഇതിനു മുൻപ് 1981, 2019 എന്നീ വർഷങ്ങളിലാണ് ഇവർ കോപ്പ കിരീടം നേടിയിരുന്നത്.2019-ൽ അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനെ ഫൈനലിൽ പരാജയപ്പെടുത്തിയപ്പോൾ അന്ന് രണ്ട് ഗോളുകളും നേടിയിരുന്നത് ഇതേ ഗബ്രിയേൽ ബാർബോസ തന്നെയായിരുന്നു.
സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോപ ലിബർട്ടഡോറസ്. ഈ സീസണിൽ ഒരു തോൽവി പോലും അറിയാതെയാണ് ഇപ്പോൾ ഫ്ലമെങ്കോ ഈ കിരീടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഫ്ലമെങ്കോയുടെ തന്നെ സ്ട്രൈക്കറായ പെഡ്രോയാണ് ഈ കോപയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.13 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ബ്രസീലിന്റെ വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടം നേടുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന താരം കൂടിയാണ് പെഡ്രോ.