ഫാമിലി റീയൂണിയൻ, സ്വന്തം മകനെ നേരിടാൻ പിഎസ്ജി പരിശീലകൻ!

ലീഗ് വണ്ണിൽ നാളെ നടക്കുന്ന പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എസി അജാക്സിയോയാണ് പിഎസ്ജിയുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈയൊരു മത്സരം നടക്കുക.അജാക്സിയോയുടെ മൈതാനമാണ് ഈ മത്സരത്തിന് വേദിയാവുക.

ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ഫാമിലി റീ യൂണിയനാണ് ഈ മത്സരം. അതായത് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് ഈ മത്സരത്തിൽ നേരിടേണ്ടി വരുന്നത് സ്വന്തം മകനായ ജോർദാൻ ഗാൾട്ടിയറെയാണ്.അജാക്സിയോയുടെ അസിസ്റ്റന്റ് പരിശീലകനാണ് ജോർദാൻ. ഈ സീസണിൽ ലീഗ് വണ്ണിലേക്ക് പ്രമോഷൻ നേടിയ ടീമാണ് അജാക്സിയോ. അവരുടെ പരിശീലകനായ ഒലിവിയേറിനെയാണ് ജോർദാൻ ഇപ്പോൾ അസിസ്റ്റ് ചെയ്യുന്നത്.

അതേസമയം പിതാവിനെ നേരിടുന്നതിനെ കുറിച്ച് സംസാരിക്കാൻ ജോർദാൻ തയ്യാറായിരുന്നില്ല. പക്ഷേ 2020 ൽ ഇതേക്കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിരുന്നു.അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.

” ഞാൻ ക്രിസ്റ്റോഫ് ഗാൾട്ടിയർ എന്ന പേരുകേട്ട പരിശീലകന്റെ മകനാണ് എന്ന ഫീൽ എനിക്ക് എപ്പോഴും ഉണ്ടാവാറുണ്ട്.എനിക്കൊരു ഫസ്റ്റ് നെയിമുണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമങ്ങളിൽ ഒന്നുമല്ല ഞാനിപ്പോൾ ഉള്ളത്. ബന്ധങ്ങളെ കുറിച്ച് സംസാരിക്കുക എന്നുള്ളത് നല്ല കാര്യമാണ്. പക്ഷേ ആളുകൾക്ക് അതൊന്നും അറിയേണ്ട കാര്യമില്ല.മികച്ച രൂപത്തിൽ വർക്ക് ചെയ്താൽ മാത്രമേ ആളുകൾ സംതൃപ്തരാവുകയുള്ളൂ ” ഇതായിരുന്നു ലെ പാരീസിയനോട് അന്ന് ഗാൾട്ടിയറുടെ മകൻ പറഞ്ഞിരുന്നത്.

നിലവിൽ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് പിഎസ്ജിയാണുള്ളത്. അതേസമയം അജാക്സിയോയേ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിൽ അല്ല.പതിനെട്ടാം സ്ഥാനത്താണ് അവർ ഉള്ളത്. ഏതായാലും അച്ഛനും മകനും തമ്മിലുള്ള പോരാട്ടത്തിൽ അച്ഛന് തന്നെയാണ് ഭൂരിഭാഗം പേരും വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *