പരേഡസിനെ ടീമിൽ എടുത്തതിന് യുവന്റസിനെ വിമർശിച്ച് മുൻ താരം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് പിഎസ്ജി വിട്ടത്. തുടർന്ന് താരം ലോൺ അടിസ്ഥാനത്തിൽ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ യുവന്റസിൽ കാര്യങ്ങൾ നല്ല രൂപത്തിൽ അല്ല ഇപ്പോൾ മുന്നോട്ടു പോകുന്നത്.
നിലവിൽ സിരി എയിൽ എട്ടാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.മാത്രമല്ല കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മക്കാബി ഹൈഫയോട് യുവന്റസ് നാണം കെട്ട തോൽവി വഴങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ യുവന്റസുള്ളത്.
ഏതായാലും ലിയാൻഡ്രോ പരേഡസിന്റെ കാര്യത്തിൽ യുവന്റസിനെതിരെ ഇപ്പോൾ മുൻ ഇറ്റാലിയൻ താരമായിരുന്ന പൗലോ ഡി കാനിയോ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.പരേഡസിനെ പോലെയുള്ള ഒരു താരത്തെയായിരുന്നില്ല യുവന്റസിന് ആവശ്യം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ട്യൂട്ടോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ex-Italian Player Slams Juventus For Signing PSG Loanee Who Brings Wrong Characteristics https://t.co/d3IUdegOJn
— PSG Talk (@PSGTalk) October 18, 2022
” പാസ് ചെയ്യാൻ മാത്രം അറിയുന്ന താരമാണ് പരേഡസ്.ബാക്കിയുള്ള കാര്യങ്ങളൊക്കെ ബാക്കിയുള്ള താരങ്ങൾ നോക്കണം.പ്യാനിക്കോ പിർലോയെ അല്ല പരേഡസ് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം.യുവന്റസിന് പരേഡസിനെ പോലെയുള്ള ഒരു മിഡ്ഫീൽഡറെ ആയിരുന്നില്ല ആവശ്യം. മറ്റു സവിശേഷതകൾ ഉള്ള ഒരു മധ്യനിരതാരത്തെയായിരുന്നു യുവന്റസിന് ആവശ്യം ” ഇതാണ് കാനിയോ പറഞ്ഞിട്ടുള്ളത്.
ഈ സീസണിന് ശേഷം 22 മില്യൺ യൂറോ നൽകിയാൽ പരേഡസിനെ സ്വന്തമാക്കാനുള്ള ഓപ്ഷൻ യുവന്റസിന് ഉണ്ട്. എന്നാൽ ഇത് അവർ ഉപയോഗപ്പെടുത്താനുള്ള സാധ്യത കുറവാണ്.