സുഹൃത്തിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തും,ബാലൺ ഡിയോർ ചടങ്ങിൽ പങ്കെടുക്കാൻ!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡിയോർ പുരസ്കാരം വരുന്ന പതിനേഴാം തീയതിയാണ് നൽകപ്പെടുക. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമയായിരിക്കും ഇത്തവണ ഈ പുരസ്കാരം നേടുക എന്നുള്ളത് ഏറെക്കുറെ ഉറപ്പായ കാര്യമാണ്. അത്രയേറെ മികച്ച രൂപത്തിലായിരുന്നു കഴിഞ്ഞ സീസണിൽ ബെൻസിമ കളിച്ചിരുന്നത്.
ബാലൺ ഡിയോർ പുരസ്കാരത്തിനുള്ള 30 അംഗ ലിസ്റ്റ് നേരത്തെ തന്നെ ഫ്രാൻസ് ഫുട്ബോൾ പ്രസിദ്ധീകരിച്ചിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ 30 പേരുടെ ലിസ്റ്റിൽ ഇടം നേടിയിരുന്നു.അതേസമയം മറ്റു സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർക്കൊന്നും ഈ 30 പേരുടെ ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.
Cristiano Ronaldo is expected to attend the Ballon D'Or ceremony in Paris on Monday. (LP)
— Get French Football News (@GFFN) October 12, 2022
ഇപ്പോഴിതാ വരുന്ന ബാലൺ ഡി’യോർ പുരസ്കാരദാനച്ചടങ്ങിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ക്രിസ്റ്റ്യാനോയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ബെൻസിമ. തന്റെ സുഹൃത്ത് ബാലൺ ഡിയോർ നേടുന്നത് കാണാൻ വേണ്ടിയായിരിക്കും റൊണാൾഡോ ഈ ചടങ്ങിൽ പങ്കെടുക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.
കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം ബെൻസിമക്ക് സാധിച്ചിരുന്നു. ആകെ കളിച്ച 46 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളും 15 അസിസ്റ്റുകളും കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും ബെൻസിമ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺ ഡിയോർ പുരസ്കാരം ഏറ്റവും കൂടുതൽ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്നത് ബെൻസിമക്ക് തന്നെയാണ്.