അത് വ്യാജവാർത്ത : നിരസിച്ച് ലൂയിസ് കാമ്പോസും!

പിഎസ്ജി സൂപ്പർ താരമായ കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ഒരു റൂമർ കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിരുന്നു. ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ വേണ്ടി എംബപ്പേ പിഎസ്ജിയോട് അനുവാദം തേടി എന്നായിരുന്നു വാർത്തകൾ. കരാർ പുതുക്കിയിരുന്ന സമയത്ത് തനിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ ക്ലബ് തന്നെ വഞ്ചിച്ചു എന്ന ഒരു തോന്നൽ എംബപ്പേക്ക് ഉണ്ടായി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ റിപ്പോർട്ടുകളെയെല്ലാം നിരസിച്ചു കൊണ്ട് പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസ് രംഗത്ത് വന്നിട്ടുണ്ട്. ഈ വാർത്തകൾ എല്ലാം വ്യാജമാണ് എന്നാണ് കാമ്പോസ് പറഞ്ഞിട്ടുള്ളത്.എംബപ്പേ ജനുവരിയിൽ ക്ലബ്ബ് വിടാൻ വേണ്ടി അനുവാദം തേടിയിട്ടില്ലെന്നും കാമ്പോസ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ആ വാർത്തകളെയെല്ലാം ഞാൻ തള്ളിക്കളയുകയാണ്. അതെല്ലാം വ്യാജ വാർത്തകളാണ്. ജനുവരിയിൽ ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട് എന്നോടോ പ്രസിഡന്റിനോടോ എംബപ്പേ സംസാരിച്ചിട്ടില്ല. ഞങ്ങൾ ഒരിക്കലും ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. ഓരോ ദിവസവും പുതിയ പുതിയ റൂമറുകൾ ഉണ്ടാവും. നമുക്ക് അതിനെക്കുറിച്ച് എപ്പോഴും സംസാരിക്കാൻ കഴിയില്ല. ഈ വാർത്തകൾ ഒന്നും തന്നെ ഡ്രസ്സിംഗ് റൂമിനെ ബാധിക്കില്ല.കാരണം അവരെല്ലാവരും പരിചയസമ്പത്തുള്ള താരങ്ങളാണ്. ഇതൊരു വ്യാജ വാർത്തയാണല്ലോ. അത് കൊണ്ട് തന്നെ ടീമിനെ ഒരുതരത്തിലും ബാധിക്കാൻ പോകുന്നില്ല ” പിഎസ്ജി സ്പോർട്ടിങ് അഡ്വൈസർ പറഞ്ഞു.

ഏതായാലും കിലിയൻ എംബപ്പേ പിഎസ്ജിയിൽ ഹാപ്പിയല്ല എന്നുള്ളത് അദ്ദേഹത്തിന്റെ സമീപകാല പെരുമാറ്റങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെ പിഎസ്ജി ഈയൊരു പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *