ഗ്രീസ്മാനെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി!

2019ലായിരുന്നു ഫ്രഞ്ച് സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാൻ അത്ലറ്റിക്കോ മാഡ്രിഡ് വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിയിരുന്നത്.ഭീമൻ തുകയായിരുന്നു താരത്തിനു വേണ്ടി ബാഴ്സ ചിലവഴിച്ചിരുന്നത്. എന്നാൽ ബാഴ്സയിൽ അദ്ദേഹത്തിന് തിളങ്ങാനായില്ല. ഇതോടുകൂടി കഴിഞ്ഞ സീസണിൽ ഈ ഫ്രഞ്ച് സൂപ്പർതാരം അത്ലറ്റിക്കോയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

രണ്ടുവർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു ഗ്രീസ്മാൻ അത്ലറ്റിക്കോയിൽ എത്തിയിരുന്നത്. ഇതിപ്പോൾ രണ്ടാമത്തെ വർഷത്തിലാണ് താരം തുടരുന്നത്. ബാഴ്സക്ക് ട്രാൻസ്ഫർ ഫീ നൽകാതിരിക്കാൻ വേണ്ടി താരത്തെ വളരെ കുറഞ്ഞ സമയം ക്ലബ് കളിപ്പിച്ചത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു. ബാഴ്സ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ ഇതെല്ലാം പരിഹരിച്ചുകൊണ്ട് ഗ്രീസ്മാന്റെ ട്രാൻസ്ഫർ പെർമനന്റ് ഡീലായി മാറിയിട്ടുണ്ട്. താരത്തെ സ്ഥിരമായി കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. 20 മില്യൺ യൂറോയും ആഡ് ഓൺസുമാണ് താരത്തിന് വേണ്ടി അത്ലറ്റിക്കോ ബാഴ്സക്ക് നൽകുക.

നേരത്തെയുള്ള കരാർ പ്രകാരം 40 മില്ല്യൺ യൂറോയായിരുന്നു ക്ലബ്ബ് ബാഴ്സക്ക് നൽകേണ്ടി വരിക. എന്നാൽ ചർച്ചകൾക്ക് ശേഷം ഇത് 20 മില്യൺ യൂറോ ആക്കി കുറക്കുകയായിരുന്നു.ഇതോടെ വിവാദങ്ങൾ എല്ലാം തന്നെ അവസാനിക്കുകയായിരുന്നു.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അത്ലറ്റിക്കോയിൽ തന്നെ തുടരാൻ ഗ്രീസ്മാൻ തീരുമാനമെടുക്കുകയായിരുന്നു. ഈ ലാലിഗ സീസണിൽ ഏഴു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളാണ് ഗ്രീസ്മാൻ നേടിയിട്ടുള്ളത്.പക്ഷേ വളരെ കുറഞ്ഞു മിനിറ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇനി താരത്തെ മുഴുവൻ സമയവും കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *