ബാഴ്സയുടെ സൂപ്പർ ത്രയത്തെ സ്വന്തമാക്കാൻ ഇന്റർ മിയാമി!

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. അതേസമയം താരത്തെ തിരികെ എത്തിക്കാൻ ബാഴ്സക്കും താല്പര്യമുണ്ട്. എന്നാൽ ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം മാത്രമേ മെസ്സി ഇതേക്കുറിച്ച് ചിന്തിക്കുകയുള്ളൂ.

പിഎസ്ജി,ബാഴ്സ എന്നിവരെ മാറ്റിനിർത്തിയാൽ മെസ്സിക്ക് വേണ്ടി ഏറ്റവും സജീവമായി രംഗത്തുള്ളത് എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയാണ്. ഇതിഹാസതാരമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി മുമ്പ് തന്നെ മെസ്സിയോടുള്ള താല്പര്യം പ്രകടിപ്പിച്ചതാണ്. വിരമിക്കുന്നതിന് മുന്നേ MLS ൽ കളിക്കണമെന്നുള്ള ആഗ്രഹം മുമ്പ് ഒരു അഭിമുഖത്തിൽ മെസ്സി പങ്കുവെക്കുകയും ചെയ്തിരുന്നു.ഏതായാലും ലയണൽ മെസ്സിയെ അടുത്ത സീസണിൽ ടീമിലേക്കെത്തിക്കാൻ ഇന്റർ മിയാമിക്ക് പദ്ധതിയുണ്ട്.

അത് മാത്രമല്ല, മെസ്സിയെ കൂടാതെ മറ്റു രണ്ട് ബാഴ്സ താരങ്ങളെ കൂടി എത്തിക്കാൻ ഇന്റർമിയാമിക്ക് പദ്ധതിയുണ്ട്. സൂപ്പർ താരം ലൂയിസ് സുവാരസിനെയാണ് ആദ്യം എത്തിക്കാൻ ഇന്റർ മിയാമി ഉദ്ദേശിക്കുന്നത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ഉറുഗ്വൻ ക്ലബായ നാഷണൽ വിടാൻ സുവാരസിന് താല്പര്യമുണ്ട്. ഈ നവംബറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ഇപ്പോൾ ഇന്റർ മിയാമി വിശ്വസിക്കുന്നത്.

അതേസമയം മറ്റൊരു താരം സെർജിയോ ബുസ്ക്കെറ്റ്സാണ്. ഈ സീസണിന് ശേഷം ബുസ്ക്കെറ്റ്സ് ബാഴ്സ വിടാനുള്ള സാധ്യതകൾ ഏറെയാണ് എന്നുള്ളത് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരത്തെയും ടീമിലെത്തിക്കാൻ കഴിയുമെന്നാണ് ഇന്റർ മിയാമി കരുതുന്നത്. അങ്ങനെ അടുത്ത സീസണിൽ മെസ്സി,സുവാരസ്,ബുസ്ക്കെറ്റ്സ് എന്നിവരെ തങ്ങളുടെ നിരയിൽ അണിനിരത്താൻ കഴിയുമെന്നാണ് ഇപ്പോൾ ഇന്റർ മിയാമി ഉറച്ചു വിശ്വസിക്കുന്നത് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *