ഫോട്ടോഷൂട്ടിന് വിസമ്മതിച്ച് പ്രതിഷേധം രേഖപ്പെടുത്തി എംബപ്പേ,ഒടുവിൽ മുട്ടുമടക്കി ഫ്രാൻസ്!

വരുന്ന യുവേഫ നേഷൻസ് ലീഗിൽ രണ്ട് മത്സരങ്ങൾ കളിക്കാനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസുള്ളത്. ഈ മത്സരങ്ങൾക്കുള്ള ടീമിൽ സൂപ്പർ താരം കിലിയൻ എംബപ്പേ ഇടം നേടിയിരുന്നു.എന്നാൽ എംബപ്പേയുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.

അതായത് ഫ്രഞ്ച് ദേശീയ ടീമിന് ഫോട്ടോഷൂട്ടിന് എത്താൻ കിലിയൻ എംബപ്പേ വിസമ്മതിക്കുകയായിരുന്നു.ഊബർ ഈറ്റ്സ്,കൊക്കൊ കോള എന്നിവരെപ്പോലെയുള്ള 14 സ്പോൺസർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോഷൂട്ട് ആയിരുന്നു ഫ്രാൻസ് തീരുമാനിച്ചിരുന്നത്. എന്നാൽ താരങ്ങളുടെ ഇമേജ് റൈറ്റ് പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് എംബപ്പേ ഫോട്ടോഷൂട്ടിൽ പങ്കെടുത്തില്ല എന്നറിയിച്ചത്.

തന്റെ ചിത്രങ്ങൾ വ്യാപകമായും അന്യായമായും ഉപയോഗിക്കുന്നു എന്നൊരു തോന്നൽ എംബപ്പേക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ മാർച്ച് മാസത്തിലും താരം പ്രതിഷേധം നടത്തിയിരുന്നു. വേൾഡ് കപ്പ് തൊട്ടടുത്ത് എത്തിയിട്ടും ഇമേജ് റൈറ്റ്സ് പരിഷ്കരിക്കാത്തതിനാലാണ് എംബപ്പേ ഫോട്ടോ ഷൂട്ടിന് വിസമ്മതിച്ചത്.

ഇതോടെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രതിരോധത്തിലാവുകയായിരുന്നു. അതുകൊണ്ടുതന്നെ ഇവർ ഉടനെ ഒരു യോഗം വിളിച്ചുചേർത്തു. ഫ്രഞ്ച് ടീമിന്റെ എക്സിക്യൂട്ടീവുകൾ, പ്രസിഡന്റ്, കോച്ച്, മാർക്കറ്റിംഗ് മാനേജർ എന്നിവരൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചർച്ച നടത്തുകയും ഇതിനെ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. അതായത് താരങ്ങളുടെ ഇമേജ് റെയ്റ്റ്സുകൾ ഉടൻതന്നെ പുതുക്കും എന്നുള്ള വാഗ്ദാനമാണ് ഇപ്പോൾ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നൽകിയിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പ്രസ്താവന തന്നെ ഇവർ ഇറക്കുകയും ചെയ്തിട്ടുണ്ട്.

ചുരുക്കത്തിൽ താരത്തിന്റെ പ്രതിഷേധം വിജയിച്ചു എന്ന് വേണം പറയാൻ. എന്നാൽ ഫ്രാൻസ് ടീം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് പ്രതിസന്ധിയിലൂടെ തന്നെയാണ്.പോഗ്ബയുടെ സഹോദരന്റെ കൂടോത്ര ആരോപണം ഫ്രാൻസിന് തലവേദനയായിരുന്നു. മാത്രമല്ല ബെൻസിമ,പോഗ്ബ,റാബിയോട്ട് എന്നിവരെയൊക്കെ ടീമിനെ പരിക്കുമൂലം നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംബപ്പേയുടെ ഈ പ്രതിഷേധം വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *