ലയണൽ മെസ്സി പിഎസ്ജിയുമായുള്ള കരാർ പുതുക്കുമോ? സ്പോർട്ടിങ് ഡയറക്ടർ പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണിന് ശേഷം അവസാനിക്കും. രണ്ട് വർഷത്തെ കരാറിലായിരുന്നു താരം ഒപ്പ് വെച്ചിരുന്നത്. എന്നാൽ ലയണൽ മെസ്സിയെ കൈവിടാൻ പിഎസ്ജി ഒരുക്കമല്ല എന്നുള്ളത് മുമ്പ് തന്നെ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ തന്നെ പിഎസ്ജി തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിലുള്ള ഏറ്റവും പുതിയ അപ്ഡേഷൻ പിഎസ്ജിയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസ് നൽകിയിട്ടുണ്ട്. അതായത് മെസ്സിയുടെ കരാർ പുതുക്കാൻ വേണ്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടു എന്നുള്ള കാര്യമാണ് കാമ്പോസ് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മെസ്സിക്ക് ആഗ്രഹമുണ്ടെങ്കിൽ മാത്രമാണ് കരാർ പുതുക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.കാമ്പോസിന്റെ വാക്കുകൾ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിയോട് പിഎസ്ജിയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രമാണ് അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെട്ടിട്ടുള്ളത്. എനിക്കിവിടെ മൂന്ന് വർഷത്തെ കരാറാണ് ഉള്ളത്. ആ മൂന്ന് വർഷക്കാലവും മെസ്സി ഇവിടെ തുടരുമെന്നുള്ള പ്രതീക്ഷ ഞാൻ മെസ്സിയോട് തന്നെ പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയുടെ കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയും സംതൃപ്തനുമാണ് ” ഇതാണ് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

പക്ഷേ ഉടൻതന്നെ തീരുമാനമെടുക്കാൻ മെസ്സിക്ക് ഉദ്ദേശമില്ല. നിലവിൽ പിഎസ്ജിയുടെ മത്സരങ്ങളിലും ഖത്തർ വേൾഡ് കപ്പിലുമാണ് മെസ്സി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനുശേഷമായിരിക്കും തന്റെ ഭാവിയെക്കുറിച്ച് മെസ്സി ഒരു തീരുമാനമെടുക്കുക. താരത്തെ തിരികെ എത്തിക്കാൻ ബാഴ്സക്ക് ആഗ്രഹമുള്ള സ്ഥിതിക്ക് മെസ്സി ഏതു രൂപത്തിലുള്ള ഒരു തീരുമാനം എടുക്കുമെന്നുള്ളത് ആരാധകർക്കിടയിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *