മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചു വരാം,പക്ഷേ : സെസ്ക്ക് ഫാബ്രിഗസ് പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിന് ശേഷം ബാഴ്സയിലേക്ക് തിരിച്ചെത്തുമോ എന്നുള്ളതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് വളരെയധികം സജീവമാണ്. കാരണം ഈ സീസണിനു ശേഷം മെസ്സി ഫ്രീ ഏജന്റാവും.പിഎസ്ജിക്ക് താരത്തിന്റെ കരാർ പുതുക്കാൻ താല്പര്യമുണ്ടെങ്കിലും ഖത്തർ വേൾഡ് കപ്പിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് മെസ്സിയുടെ നിലപാട്.

അതേസമയം മെസ്സിയെ തിരികെ എത്തിക്കാൻ എഫ്സി ബാഴ്സലോണയുടെ അധികൃതർക്ക് താല്പര്യമുണ്ട്. ബാഴ്സയുടെ പരിശീലകനായ സാവിയും പ്രസിഡന്റായ ലാപോർട്ടയും മെസ്സിക്ക് മുന്നിൽ ബാഴ്സയുടെ വാതിലുകൾ തുറന്നിട്ടിരുന്നു. പക്ഷേ ബാഴ്സയുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കേണ്ട വിഷയമാണ്.

ഏതായാലും മെസ്സിയുടെ മുൻ സഹതാരമായ സെസ്ക്ക് ഫാബ്രിഗസ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ബാഴ്സയിലേക്ക് മടങ്ങിയെത്തുക എന്നുള്ളത് മെസ്സിക്ക് മുന്നിലുള്ള ഒരു ഓപ്ഷനാണെന്നും പക്ഷേ അത് ബാഴ്സയെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RAC 1 റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ബാഴ്സയിലേക്ക് തിരിച്ചെത്തുക എന്നുള്ളത് മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനാണ്. പക്ഷേ അതിന് ബാഴ്സ കൂടി ഓപ്പൺ ആവേണ്ടതുണ്ട്. ബാഴ്സയിലേക്ക് തിരിച്ചെത്തുക എന്നുള്ളത് മെസ്സിയെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമല്ല. മറിച്ച് ബാഴ്സയെ കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണ് ” ഇതാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സീസണിൽ മെസ്സി മികച്ച പ്രകടനമാണ് ഇപ്പോൾ പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കുന്നത്.5 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *