പോഗ്ബയെയാണോ അദ്ദേഹത്തിന്റെ സഹോദരനെയാണോ വിശ്വസിക്കുന്നത്?കൂടോത്ര ആരോപണത്തിൽ എംബപ്പേ പറയുന്നു!
ഫ്രഞ്ച് ഫുട്ബോൾ ലോകത്തെ ഈയിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം സൂപ്പർ താരം പോൾ പോഗ്ബയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സഹോദരനായ മത്യാസ് പോഗ്ബ പോൾ പോഗ്ബക്കെതിരെ ഒരു കൂടോത്ര ആരോപണം ഉന്നയിച്ചിരുന്നു.സൂപ്പർ താരം കിലിയൻ എംബപ്പേയുടെ മികവ് നഷ്ടപ്പെടാൻ വേണ്ടി പോഗ്ബ ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നു എന്നായിരുന്നു സഹോദരന്റെ ആരോപണം. എന്നാൽ ഇത് പോഗ്ബ നിഷേധിക്കുകയും ചെയ്തിരുന്നു.
ഏതായാലും ഈ വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ കിലിയൻ എംബപ്പേയോട് ചോദിക്കപ്പെട്ടിരുന്നു. പോഗ്ബയുമായുള്ള ബന്ധത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും പോഗ്ബയുടെ വാക്കുകളെയാണ് താൻ വിശ്വസിക്കുന്നത് എന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംബപ്പേ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨Kylian Mbappé (23) says that he trusts international teammate Paul Pogba (29) in the ongoing witch doctor affair:
— Get French Football News (@GFFN) September 5, 2022
"At the time of speaking it's his word against that of his brother. I will trust my teammate."https://t.co/782Qo6skcC
“പോഗ്ബയുമായുള്ള ബന്ധത്തിന് യാതൊരുവിധ പ്രശ്നങ്ങളും പറ്റിയിട്ടില്ല.കാരണം ഇന്ന് ഞാൻ എന്റെ സഹതാരത്തിന്റെ വാക്കുകളാണ് വിശ്വാസത്തിൽ എടുക്കുന്നത്.പോൾ പോഗ്ബ എന്നെ വിളിക്കുകയും ഈ വിഷയത്തിലെ സത്യാവസ്ഥ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ സഹോദരനെതിരെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ പോഗ്ബയുടെ വാക്കുകളാണ് വിശ്വസിക്കുന്നത്. നിലവിൽ ഫ്രാൻസ് ദേശീയ ടീമിന് മുന്നിൽ വേൾഡ് കപ്പ് എന്ന വലിയ ഒരു കോമ്പറ്റീഷനാണ് ഉള്ളത്.ഇപ്പോൾതന്നെ പോഗ്ബക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.ഇനി ഞാൻ കൂടി ഒരു പ്രശ്നമായി മാറാൻ ഉദ്ദേശിക്കുന്നില്ല. കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നു എന്നുള്ളത് നമുക്ക് നോക്കി കാണാം.നിലവിൽ ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
എംബപ്പേയുടെ ഈയൊരു വിശദീകരണം ഫ്രഞ്ച് ടീമിന് വലിയ ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. ഈ മാസത്തിന്റെ അവസാനത്തിൽ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് കളത്തിൽ ഇറങ്ങുന്നുണ്ട്.