യുവന്റസിനെതിരെ ആര് പെനാൽറ്റി എടുക്കും? നെയ്മറുമായുള്ള പെനാൽറ്റി ഗേറ്റ് വിവാദത്തിൽ തുറന്ന പ്രതികരണവുമായി എംബപ്പേ!
ഫ്രഞ്ച് ഫുട്ബോൾ ലോകത്ത് ഈയിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമാണ് പിഎസ്ജിയിലെ പെനാൽറ്റി ഗേറ്റ് വിവാദം. പെനാൽറ്റിക്ക് വേണ്ടി സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും കളത്തിൽ വെച്ച് പരസ്പരം തർക്കിക്കുകയായിരുന്നു.എന്നാൽ പിന്നീട് ക്ലബ്ബ് ഇതിന് പരിഹാരം കണ്ടെത്തി. ഒന്നാമത്തെ പെനാൽറ്റി ടേക്കറായി കൊണ്ട് എംബപ്പേയെയും രണ്ടാമത്തെ പെനാൽറ്റി ടേക്കറായി കൊണ്ട് നെയ്മറെയും ക്ലബ്ബ് നിയമിക്കുകയായിരുന്നു.
ഏതായാലും ഈ വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ എംബപ്പേയോട് മാധ്യമപ്രവർത്തകർ ചോദിക്കപ്പെട്ടിരുന്നു. മാത്രമല്ല യുവന്റസിനെതിരെ നടക്കുന്ന മത്സരത്തിൽ പെനാൽറ്റി ലഭിച്ചാൽ ആര് എടുക്കുമെന്നുള്ളതും എംബപ്പേയോട് ചോദിച്ചിരുന്നു.എല്ലാത്തിനും കൃത്യമായ മറുപടി അദ്ദേഹം നൽകുകയും ചെയ്തു.എംബപ്പേ ഇതേക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappé (23) opens up about the Neymar penalty that gave rise to 'penalty-gate':
— Get French Football News (@GFFN) September 5, 2022
"Being number 1 doesn't mean that you take every penalty… you have to know how to share the cake."https://t.co/3SfcCfzMRE
“യുവന്റസിനെതിരെയുള്ള മത്സരത്തിൽ ആര് പെനാൽറ്റി എടുക്കുമെന്നുള്ളത് നമുക്ക് നോക്കിക്കാണാം. ഞങ്ങൾ എപ്പോഴും ചർച്ച ചെയ്തിട്ടാണ് തീരുമാനങ്ങൾ എടുക്കാറുള്ളത്.മത്സരം എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നതിനനുസരിച്ചാണ് പെനാൽറ്റികൾ എടുക്കാറുള്ളത്. നെയ്മർ എടുക്കേണ്ട മത്സരമാണെങ്കിൽ നെയ്മർ തന്നെ പെനാൽറ്റി എടുക്കും.അതല്ല ഞാൻ എടുക്കുന്നതാണ് അനുയോജ്യമെങ്കിൽ പെനാൽറ്റി ഞാൻ എടുക്കും.ഈ വിഷയത്തിലൊന്നും പ്രശ്നങ്ങൾ ഉദിക്കുന്നില്ല. ടീമിലെ ഒന്നാം നമ്പർ പെനാൽറ്റി ടേക്കറായി എന്ന് കരുതി എല്ലാ പെനാൽറ്റിയും എടുക്കാൻ കഴിയില്ല. ഏത് ക്ലബ്ബിലാണെങ്കിലും അങ്ങനെ തന്നെയാണ്. ഇവിടെ പെനാൽറ്റി എടുക്കാൻ കഴിയുന്ന മൂന്ന് താരങ്ങൾ ഉണ്ട്. ഒരു കേക്ക് എങ്ങനെ ഷെയർ ചെയ്യണമെന്നുള്ളത് ഞങ്ങൾ അറിയേണ്ടതുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ എല്ലാ പെനാൽറ്റികളും താൻ എടുക്കില്ലെന്നും പെനാൽറ്റികൾ ഷെയർ ചെയ്യുമെന്നുമാണ് എംബപ്പേ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ യുവന്റസിനെ ഇന്ത്യൻ സമയം രാത്രി 12:30-നാണ് പിഎസ്ജി നേരിടുക.