ഒടുവിൽ ആർതറെ വിറ്റുകളഞ്ഞെന്ന് ബാഴ്സ ആരാധകരെ അറിയിച്ചു

ബാഴ്സയുടെ ബ്രസീലിയൻ മധ്യനിര താരം ആർതർ മെലോ അടുത്ത സീസൺ മുതൽ യുവന്റസിൽ പന്തുതട്ടും. എഫ്സി ബാഴ്സലോണയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമാവുന്നത്. തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റ് വഴിയാണ് ബാഴ്‌സ ആർതറെ കൈമാറിയ വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. 72 മില്യൺ യുറോയാണ് താരത്തിന് വേണ്ടി യുവന്റസ് ചിലവഴിക്കുന്നത്. മിറാലെം പ്യാനിക്കിനെ ടീമിൽ എത്തിക്കുന്നതും വൈകാതെ തന്നെ സ്ഥിരീകരിച്ചേക്കും.

രണ്ട് പേരും ഞായറാഴ്ച്ച മെഡിക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. താരത്തെ ക്ലബിൽ എത്തിച്ച വിവരം യുവന്റസ് കൂടി ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഉണ്ട്. ഈ സീസണിലുള്ള മത്സരങ്ങൾ ആർതർ ബാഴ്സക്കൊപ്പം തന്നെ കളിച്ചേക്കും. ബാഴ്സയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ ആർതർ ഈ ഡീലിന് സമ്മതിച്ചത് എന്നാണ് അറിവ്. 2018-ൽ ആറു വർഷത്തെ കരാറിൽ നാല്പത് മില്യൺ യുറോക്കായിരുന്നു താരം ബാഴ്സയിൽ എത്തിയത്. താരത്തെ വിറ്റു കളഞ്ഞതിൽ ഭൂരിഭാഗം ബാഴ്സ ആരാധകർക്കും കടുത്ത എതിർപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *