യഥാർത്ഥ ഫുട്ബോൾ ഇതിഹാസം : മാഴ്സെലോ സൈൻ ചെയ്തത് ഒഫീഷ്യലായി പ്രഖ്യാപിച്ച് ക്ലബ്ബ്!

15 വർഷത്തെ അതുല്യമായ സേവനത്തിന് ശേഷം കഴിഞ്ഞ സീസണോടു കൂടിയായിരുന്നു സൂപ്പർ താരം മാഴ്സെലോ റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. അതിനുശേഷം ഈ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം പുതിയ ക്ലബ്ബിനെ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു മാഴ്സെലോ ഉണ്ടായിരുന്നത്. നിരവധി ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ജർമ്മൻ ക്ലബ് ബയെർ ലെവർകൂസൻ,ഫ്രഞ്ച് ക്ലബ് നീസ്, ഇറ്റാലിയൻ ക്ലബ്ബ് മോൺസ എന്നിവരൊക്കെ താരത്തെ സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഡെഡ് ലൈൻ ഡേയിൽ മാഴ്സെലോക്ക് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ലെസ്റ്റർ സിറ്റി ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ വരെ പുറത്തേക്കു വന്നിരുന്നു. എന്നാൽ മാഴ്സെലോയുമായി ബന്ധപ്പെട്ട എല്ലാ റൂമറുകൾക്കും ഇപ്പോൾ വിരാമമായിട്ടുണ്ട്.

ഗ്രീക്ക് വമ്പൻമാരായ ഒളിമ്പിയാക്കോസാണ് ഇപ്പോൾ മാഴ്സെലോയെ ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ചിരിക്കുന്നത്.ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പു വെച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ ദീർഘിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.” യഥാർത്ഥ ഫുട്ബോൾ ഇതിഹാസം, സ്വാഗതം മാഴ്സലോ ” ഈ ക്യാപ്ഷനോടുകൂടിയാണ് റയൽ മാഡ്രിഡ് ഇതിഹാസത്തെ ഗ്രീക്ക് ക്ലബ്ബ് വരവേറ്റിട്ടുള്ളത്.

ഒളിമ്പിയാക്കോസിന്റെ ഈ ആഴ്ചയിൽ നടക്കുന്ന മത്സരത്തിൽ താരം പങ്കെടുത്തേക്കില്ല. എന്നാൽ യൂറോപ്പ ലീഗിൽ സെപ്റ്റംബർ എട്ടാം തീയതി നാന്റെസിനെതിരെ ഒളിമ്പിയാക്കോസ് കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ മാഴ്സെലോ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 6 ലാലിഗ കിരീടങ്ങളും നേടിയ താരമാണ് മാഴ്സെലോ. താരത്തിന്റെ പരിചയസമ്പത്ത് തന്നെയായിരിക്കും ഒളിമ്പിയാക്കോസിന് കൂടുതൽ ഗുണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *